30 C
Kottayam
Friday, May 17, 2024

തിരുവല്ലയിൽ കണ്ടെത്തിയ മൃതദേഹം പെൺകുഞ്ഞിന്റേത്; അരയിൽ കറുത്ത ചരട്, സമീപത്ത് സിമന്റ് ചാക്ക്

Must read

പത്തനംതിട്ട: തിരുവല്ല പുളിക്കീഴില്‍ ചതുപ്പിനുള്ളില്‍ മാലിന്യങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പെണ്‍കുഞ്ഞിന്റേതെന്ന് സ്ഥിരീകരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപ മേഖലകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചുവരുന്നു.

കുഞ്ഞുടുപ്പും ഡയപ്പറും ധരിച്ച നിലയിലായിരുന്നു മൃതദേഹം. അരയില്‍ കറുത്ത ചരടുണ്ടായിരുന്നു. 28 ദിവസത്തിന്റെ ചടങ്ങുകഴിഞ്ഞിട്ടുണ്ടാവാമെന്നാണ് നിഗമനം. ജനത്തിരക്കേറിയ റോഡിന് സമീപത്തുള്ള ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.മൂന്നുമുതല്‍ അഞ്ചു ദിവസം വരെയെങ്കിലും പഴക്കമുള്ള മൃതദേഹത്തിലെ ഒരു കൈപ്പത്തിയും രണ്ട് കാല്‍പ്പത്തികളും നഷ്ടപ്പെട്ടനിലയിലാണ്. നായകള്‍ കടിച്ചെടുത്തതാണെന്നാണ് പോലീസിന്റെ സംശയം.

ഞായറാഴ്ചത്തെ പരിശോധനയിലേ കൂടുതല്‍ വ്യക്തതവരൂ. സമീപത്തുതന്നെ ഒരു സിമന്റ് ചാക്കും ഉണ്ടായിരുന്നു. ഇതിനുള്ളിലാക്കി കൊണ്ടുവന്നിട്ടതാണെന്ന് കരുതുന്നു. പിന്നീട് നായ വലിച്ച് പുറത്തിട്ടു.കടപ്ര പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ പുളിക്കീഴ് ജങ്ഷന് സമീപത്തെ വെയിറ്റിങ് ഷെഡിന്റെ പുറകില്‍ക്കൂടി ബോട്ടുജെട്ടിയിലേക്കുള്ള വഴിയരികിലാണ് മൃതദേഹം കിടന്നത്.

ഇതിനു സമീപത്തുള്ള ഗ്ലാസ് കടയിലെ ജീവനക്കാരന്‍ ദീപുവാണ് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കണ്ടത്. ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ഇയാള്‍ ചതുപ്പിലേക്ക് നോക്കുമ്പോള്‍ മാലിന്യത്തിനിടയില്‍ കൈപ്പത്തി പൊങ്ങിനില്‍ക്കുന്നതായി കണ്ടു. പുളിക്കീഴ് പോലീസില്‍ വിവരമറിയിച്ചു. എസ്.എച്ച്.ഒ. ഇ. അജീബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസ്സിലായത്. ഡിവൈ.എസ്.പി. ആര്‍.ബിനുവും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. ഞായറാഴ്ച കൂടുതല്‍ ശാസ്ത്രീയപരിശോധന നടക്കും. സമീപത്തെ കടയ്ക്കുള്ളില്‍ സി.സി.ടി.വി.യുണ്ട്. ഇതിലെ ദൃശ്യങ്ങളും വരുംദിവസങ്ങളില്‍ പോലീസ് പരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week