മുംബൈ:സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത സൗന്ദര്യത്തിന് ഉടമയാണ് ഐശ്വര്യ റായ്. 90 കളിൽ ഐശ്വര്യ മോഡലിംഗ് രംഗത്ത് ഉണ്ടാക്കിയ തരംഗം ചെറുതല്ല. ലോക സുന്ദരി പട്ടം നേടിയ ഐശ്വര്യ റായ്ക്ക് സിനിമയിലേക്കുള്ള ചുവടുവെപ്പ് താരതമ്യേന എളുപ്പം ആയിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ സംവിധായകൻ മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെ ആണ് ഐശ്വര്യ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ഹിന്ദി സിനിമകളിലെ മുൻനിര നായിക നടി ആയി ഐശ്വര്യ മാറി. അപ്പോഴും തമിഴ് സിനിമയെ ഐശ്വര്യ മറന്നില്ല.
പാൻ ഇന്ത്യൻ തലത്തിലാെരുങ്ങുന്ന തമിഴ് സിനിമകളിൽ ഐശ്വര്യ അഭിനയിച്ചു. രാവണൻ, യന്തിരൻ, പൊന്നിയിൻ സെൽവൻ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച സിനിമ ആണ് പൊന്നിയിൻ സെൽവൻ. മണിരത്നം ആയിരുന്നു ഇതിന്റെ സംവിധാനം.
ഐശ്വര്യയെ സംബന്ധിച്ച് കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമാണ് പൊന്നിയിൻ സെൽവനിലെ നന്ദിനി. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഐശ്വര്യക്ക് ശേഷം നിരവധി പേർ ഇന്ത്യയിൽ ലോകസുന്ദരി പട്ടം ചൂടിയെങ്കിലും ഐശ്വര്യ ഉണ്ടാക്കിയ തരംഗം ഇവർക്ക് ആവർത്തിക്കാനായിട്ടില്ല.
കരിയറിലെ താര റാണി ആണെങ്കിലും ഐശ്വര്യ ഇത്തരം താരത്തിളക്കത്തിൽ അഭിരമിക്കുന്നത് അപൂർവമാണ്. വിനോദ രംഗത്തെ പല രീതികളോടും ഐശ്വര്യക്ക് താൽപര്യവുമില്ല. സൗന്ദര്യ മത്സരങ്ങളിലെ ശരീര പ്രദർശനത്തിനെതിരെ ഐശ്വര്യ നേരത്തെ സംസാരിച്ചിരുന്നു.
മുമ്പ് സൗന്ദര്യ മത്സരങ്ങളിൽ മത്സരാർത്ഥികൾ ബിക്കിനി ധരിച്ച് റാംപ് വാക്ക് ചെയ്യണമെന്ന്
നിർബന്ധമായിരുന്നു.
2015 ൽ ഔദ്യോഗികമായി ഈ റൗണ്ട് സൗന്ദര്യ മത്സരങ്ങളിൽ നിർത്തലാക്കി. 1994 ലാണ് ഐശ്വര്യ ലോകസുന്ദരി പട്ടം നേടുന്നത്. ആ വർഷം ഐശ്വര്യക്കും ബിക്കിനി ധരിക്കേണ്ടി വന്നു.
എന്നാൽ മത്സരത്തിന് ശേഷം ബിക്കിനി ധരിക്കുന്നത് ബുദ്ധിമുട്ടാണെന്നും അടുത്ത വർഷം മുതൽ ഈ റൗണ്ട് ഒഴിവാക്കണമെന്ന് ഐശ്വര്യ സംഘാടകരോട് പറയുകയും ചെയ്തത്രെ.
ഐശ്വര്യ തന്നെയാണ് ഇക്കാര്യം മുമ്പൊരിക്കൽ വ്യക്തമാക്കിയത്. തനിക്ക് വേണ്ടി മാത്രമല്ല അത് സംസാരിച്ചത്. ഇതേ ചിന്തയുള്ള മറ്റുള്ള പെൺകുട്ടികൾക്കും വേണ്ടി ആണ്. പലരും പല രാജ്യത്ത് നിന്നുള്ളവരാണ് അവർക്ക് ബിക്കിനി റൗണ്ട് ബുദ്ധിമുട്ടാണെന്നും നടി ചൂണ്ടിക്കാട്ടി. 1995 ൽ ബിക്കിനി റൗണ്ട് ഒഴിവാക്കിയെന്നും നടി പറഞ്ഞു.
ഐശ്വര്യ റായ് ലോക സുന്ദരി പട്ടം ചൂടിയ വർഷമാണ് സുസ്മിത സെൻ ഇന്ത്യക്ക് വേണ്ടി വിശ്വ സുന്ദരിപട്ടം ചൂടിയത്. രണ്ട് പേരും അന്ന് ഇന്ത്യയുടെ അഭിമാനമായി മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു.
ഐശ്വര്യ പിന്നീട് സിനിമകളിലെ നിറ സാന്നിധ്യം ആയി. കരിയറിൽ നിരവധി സിനിമകളിൽ അഭിനയിച്ച നടിക്ക് വിജയവും പരാജയവും ഒരുപോലെ വന്നു. അതേസമയം നടിയുടെ താരത്തിളക്കം അത് പോലെ നിലനിന്നു. ഇപ്പോഴും ഐശ്വര്യ റായ്ക്ക് സിനിമാ ലോകത്ത് പ്രത്യേക സ്ഥാനം ഉണ്ട്.
പല നടിമാർ വന്ന് പോയെങ്കിലും നടിയുടെ താരമൂല്യം അത് പോലെ നിലനിൽക്കുന്നു. പൊന്നിയിൻ സെൽവന് ശേഷം പുതിയ സിനിമകളൊന്നും ഐശ്വര്യയുടേതായി പ്രഖ്യാപിച്ചിട്ടില്ല. നടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.