ലഖ്നൗ:നിരനിരയായ് കാത്തുകിടക്കുന്ന ആംബുലൻസുകൾ, മണിക്കൂറുകൾ നീളുന്ന പണിത്തിരക്ക്. സുരക്ഷയ്ക്കായി ഒരു മാസ്ക് മാത്രം. പിന്നെ, പ്രാർഥനയും… ലഖ്നൗവിലെ വൈദ്യുത ശ്മശാനത്തിലെ ജീവനക്കാരുടെ ദുരവസ്ഥയാണിത്. കുതിച്ചുയരുന്ന കോവിഡ്-19 കേസുകൾ ശ്മശാന ജീവനക്കാരുടെ ജോലിത്തിരക്ക് കൂട്ടിയിരിക്കുകയാണ്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,333 പേർക്കാണ് ഉത്തർപ്രദേശിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആറ് പേർ കോവിഡ് മൂലം മരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 41 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
മുൻസിപ്പൽ കോർപറേഷൻ ജീവനക്കാരനായ മുന്ന(യഥാർഥനാമമല്ല)യും മറ്റ് മൂന്ന് പേരും ചേർന്നാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. വ്യാഴാഴ്ച മാത്രം 19 മണിക്കൂർ നീണ്ട ഷിഫ്റ്റിൽ 23 മൃതദേഹങ്ങളാണ് മുൻസിപ്പൽ കോർപറേഷൻ ശ്മശാനത്തിൽ ദഹിപ്പിച്ചത്. ആംബുലൻസിൽ നിന്ന് മൃതദേഹങ്ങൾ ഇൻസിനറേറ്ററിൽ എത്തിക്കുന്ന ജോലിയാണ് രണ്ട് പേർക്ക്. ഇവർക്ക് മാത്രമാണ് പി.പി.ഇ. കിറ്റുള്ളത്.
“മാസ്ക് ധരിക്കും. പിന്നെ പ്രാർഥിക്കും.” കോവിഡ് പ്രതിരോധത്തെ കുറിച്ച് മുന്നയുടെ പ്രതികരണമിങ്ങനെ. “45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാണ് ഒരു മൃതദേഹം ദഹിപ്പിക്കാൻ വേണ്ടി വരുന്ന സമയം. കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസറുകൾ സർക്കാർ നൽകുന്നില്ല. അണുനശീകരണത്തിനായി കുമ്മായം മാത്രമാണെത്തുന്നത്. നന്നായി ഉറങ്ങിയിട്ടോ ഭക്ഷണം കഴിച്ചിട്ടോ ദിവസങ്ങളായി.” മുന്നയും മറ്റുള്ളവരും പറയുന്നു.
ശ്മശാനത്തിന് പുറത്ത് നിൽക്കുന്നവരുടെ അവസ്ഥയും പരിതാപകരമാണ്. മരിച്ച പ്രിയപ്പെട്ടവരുടെ ശരീരം ദഹിപ്പിക്കാൻ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥ ഏറെ ദുഃഖകരമാണ്. ഭാര്യാപിതാവിന്റെ മൃതദേഹവുമായി എത്തിയതാണ് സ്വതന്ത്ര മാധ്യമപ്രവർത്തകനായ അലോക് പരാകർ. താനെത്തിയിട്ട് തന്നെ ഒന്നര മണിക്കൂറായെന്നും തനിക്ക് കിട്ടിയത് എട്ടാമത്തെ ടോക്കണായതിനാൽ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും കാത്തു നിൽക്കേണ്ടി വരുമെന്ന് പരാകർ പറയുന്നു.
പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടമാണ് ആദ്യം. അതിനാവാതെ വരുമ്പോൾ പിന്നെ വേണ്ടിവരുന്നത് മണിക്കൂറുകളോളം അവരുടെ മൃതദേഹം സംസ്കരിക്കാനുള്ള കാത്തിരിപ്പാണ്. കോവിഡ് ഒരു ദുരന്തമാണെന്ന് അജയ് ഗുപ്ത പറയുന്നു.കോവിഡ് ബാധിച്ച് മരിച്ച സുഹൃത്തിന്റെ അച്ഛന്റെ ശരീരം ദഹിപ്പിക്കാൻ കാത്തുനിൽക്കുകയാണ് സുഹൃത്തിനൊപ്പം അജയ്. ഒരു ഡോക്ടർ കൂടിയായ സുഹൃത്തിന് അച്ഛനെ അവസാനമായി കാണാനുള്ള അവസരം പോലും ലഭിച്ചിട്ടില്ലെന്ന് അജയ് പറയുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്. 780 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കൊവിഡ് മരണം 1,67,642 ആയി.
രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊവിഡിനൊഴികെയുള്ള മറ്റ് ചികിത്സകൾ നിർത്തിവച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി അറിയിച്ചു. എയിംസിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പത്തിന് ശേഷം അടിയന്തര ശസ്ത്രക്രിയകൾ മാത്രമായിരിക്കും നടക്കുക.