ജൂൺ 11 മുതൽ കാണാതായ ഒരു കുടുംബത്തിലെ നാല് പേരെ (missing family of four) വെള്ളിയാഴ്ച പഞ്ചാബിലെ ഫരീദ്‌കോട്ടിനടുത്തുള്ള സിർഹിന്ദ് ഫീഡർ കനാലിലെ വാഹനത്തിൽ മരിച്ച നിലയിൽ (found dead) കണ്ടെത്തി. ഫരീദ്‌കോട്ടിലെ ഗുരു ഗോവിന്ദ് സിംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ ഭരംജിത് സിംഗ് (36), ഭാര്യ രൂപീന്ദർ കൗർ (35), ഇവരുടെ 12 വയസുള്ള മകൾ, 10 വയസുള്ള മകൻ എന്നിവരെ ജൂൺ 11ന് അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ച ശേഷം കാണാതായിരുന്നു.
കനാലിലെ ജലനിരപ്പ് താഴുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരനാണ് വെള്ളിയാഴ്ച കാർ കണ്ടത്.കനാലിന്റെ അടിത്തട്ടിൽ നിന്നുമാണ് കാർ കണ്ടെടുത്തത്. ജൂൺ 15 ന് രൂപീന്ദറിന്റെ പിതാവ് മഹീന്ദർപാൽ സിംഗ് കുടുംബത്തെ കാണാതായതായി റിപ്പോർട്ട് ഫയൽ ചെയ്തു. പേര് വെളിപ്പെടുത്താത്ത വ്യക്തികൾക്കെതിരെ ഐപിസി സെക്ഷൻ 346 പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു. കുടുംബം അമൃത്സറിൽ നിന്ന് ഫരീദ്കോട്ടിലേക്ക് മടങ്ങുകയാണെന്ന് രൂപീന്ദർ ഫോണിൽ പറഞ്ഞതായി മഹീന്ദർപാൽ പോലീസിനെ അറിയിച്ചു. “എന്നാൽ, അവളുടെ ഫോൺ അതിനുശേഷം സ്വിച്ച് ഓഫ് ആയിരുന്നു. ഞങ്ങൾ മരുമകനെ വിളിക്കാൻ ശ്രമിച്ചപ്പോൾ അവന്റെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു,” അദ്ദേഹം പറഞ്ഞു.
മരണകാരണം അന്വേഷിക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജസ്മീത് സിംഗ് പറഞ്ഞു. അവശിഷ്ടങ്ങൾ വളരെ ജീർണിച്ച നിലയിലാണെന്നും പോസ്റ്റ്‌മോർട്ടത്തിനായി അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരംജിത് സിംഗ് പലരിൽ നിന്നും വൻ തുക കടം വാങ്ങിയിരുന്നുവെന്നും അത് തിരികെ നൽകാൻ സാധിച്ചില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജൂൺ 11നാണ് കുടുംബത്തെ അവസാനമായി വീട്ടിൽ കണ്ടത്.