ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ഡീഗോ മറഡോണയ്ക്ക് ലോകം അറിയപ്പെടുന്ന രീതിയില്‍ മ്യൂസിയമോ മറ്റോ നിര്‍മിക്കാനാണ് ആഗ്രഹമെന്ന് ബോബി ചെമ്മണ്ണൂർ. മറഡോണയുമായുള്ള സൌഹൃദ നിമിഷങ്ങളെ ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം. ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്‍റെ കണ്ണൂരിലെ ഷോറൂം ഉദ്ഘാടനം ചെയ്യാൻ മറഡോണയെ കേരളത്തിലെത്തിച്ചത് ബോബി ചെമ്മണ്ണൂരായിരുന്നു. “മറഡോണയുടെ മരണത്തില്‍ അതീവ ദുഖിതനാണ്.
മറഡോണ തന്നെ സംബന്ധിച്ച് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണ്, സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത ബന്ധമായിരുന്നു, ദുബൈയില്‍ വെച്ച് കണ്ടപ്പോള്‍ ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു, പുള്ളി സംതൃപ്തനായി തന്നെ കെട്ടിപ്പിടിച്ചു, കൂടെയുണ്ടാവുമെന്ന് ഉറപ്പ് നല്‍കി.
അതുവരെ മദര്‍ തെരേസയുടെ മാത്രം ആരാധകനായിരുന്നു ഞാന്‍. ആ കൂടിക്കാഴ്ചക്ക് ശേഷമാണ് ആരാധകന്‍ എന്നതിലുപരി മറഡോണയുടെ ഏറ്റവും നല്ല സുഹൃത്താകുക എന്ന ആഗ്രഹം ഉടലെടുത്തത്,ന്യായമാവുന്നത് എന്താണോ അക്കാര്യം ചെയ്യുന്ന വ്യക്തിത്വമാണ് മറഡോണയുടേത്. എത്ര വലിയ ആളായാലും നോ പറയേണ്ടിടത്ത് നോ പറയും. അതിന് യാതൊരു ഭയവുമില്ല.
പൈസ കൊണ്ടോ അധികാരം കൊണ്ടോ ഭീഷണി കൊണ്ടോ അദ്ദേഹത്തെ കീഴ്‌പ്പെടുത്താനാവില്ല. സമ്പത്തിനോടൊന്നും വലിയ താല്‍പര്യമില്ല, ഉദ്ഘാടനത്തിനും മറ്റുമായി അദ്ദേഹത്തിന് പൈസ കൊണ്ടുകൊടുക്കും, നെറ്റ്ബാങ്കിങ്, ചെക്ക് ഈ വക കാര്യങ്ങളൊന്നും അദ്ദേഹത്തിനില്ല. പഴയ രീതിയില്‍ ജീവിക്കുന്നയാളാണ്.പണത്തോട് ഒട്ടും അത്യാഗ്രഹമില്ലാത്തയാളായിരുന്നു.” അദ്ദേഹം പറഞ്ഞു.