കൊച്ചി:ബോബി ചെമ്മണ്ണൂരിന്റെ വാഹനപ്രേമം പ്രസിദ്ധമാണ്. മാരുതിയുടെ 800 തുടങ്ങി റോൾസ് റോയ്‌സ് ഫാന്റം വരെ അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുണ്ട്. എന്നാൽ തന്റെ സ്വപ്‌ന വാഹനം ഏതെന്ന് വെളിപ്പെടുത്തുകയാണ് ബോചെ.
എടിവി ഷാമൻ എന്ന റഷ്യൻ കമ്പനിയുടെ ഓൾ ടെറെയിൻ വാഹനമാണ് ബോചെയുടെ സ്വപ്‌നം. ഏതു പ്രതലത്തിലും സഞ്ചരിക്കാവുന്ന ഷാമൻ വാഹനത്തിന് 16 വീലുകളുണ്ട്. എല്ലാ ചക്രങ്ങളും തിരിക്കാം. 8*8 എന്നാണ് വിശേഷണം. എല്ലാ വീലിലും എഞ്ചിൻ കരുത്ത് എത്തുമെന്ന് അർത്ഥം. എല്ലാ വീലുകൾക്കും ഇൻഡിപെൻഡന്റ് സസ്‌പെൻഷനുണ്ട്. ഇന്ത്യയിൽ ഇതുവരെയും ആരുടെ കൈയിലും ഷാമൻ എത്തിയിട്ടില്ല. കാരണം ഇറുക്കമതി ചെയ്യാൻ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല എന്നതുതന്നെ.
എട്ട് മുതൽ 12 പേർക്ക് വരെ സഞ്ചരിക്കാൻ കഴിയും. വിമാനത്തിന്റെ കോക്‌പിറ്റിലേതു പോലെയുള്ള കൺട്രോളാണുള്ളത്. സ്‌റ്റിയറിംഗ് വാഹനത്തിന്റെ നടുവിലാണ്. വെള്ളത്തിലൂടെ സഞ്ചരിക്കാൻ ഷാമൻ എടിവിയ‌്ക്ക് കഴിയും.
പ്രൊപ്പല്ലർ ഉപയോഗിച്ചാൽ മണിക്കൂറിൽ 7 കി.മീ വേഗത്തിൽ ബോട്ടിലേതിനു സമാനമായി സഞ്ചരിക്കാം. ചക്രങ്ങൾ കറക്കിയാൽ രണ്ട് കിലോ മീറ്റർ വേഗത്തിൽ നീന്തും. റോഡിലെ പരമാവധി വേഗം മണിക്കൂറിൽ 70 കിലോ മീറ്ററാണ്. 4500 മി.മീ ആണ് ഗ്രൗണ്ട് ക്ളിയറൻസ്. 4800 കിലോഗ്രാം ഭാരം, 3.0 ലിറ്റർ ഡീസൽ എഞ്ചിൻ.