CrimeKeralaNews

അട്ടപ്പാടിയിലെ ആൾക്കൂട്ട മർദന കേസ്; മധുവിനായി സാക്ഷി പറഞ്ഞയാൾ കൂറുമാറി; പ്രതികൾക്ക് ഭരണത്തിലിരിക്കുന്നവരുമായി അടുത്ത ബന്ധമെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി കൂറുമാറി. കേസിലെ പത്താം സാക്ഷിയായ ഉണ്ണികൃഷ്ണനാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. സംഭവം കണ്ടെന്ന് ഉണ്ണികൃഷ്ണൻ നൽകിയ മൊഴി പൊലീസ് നിർബന്ധിച്ച് എഴുതി വാങ്ങിയതാണെന്നാണ് കോടതിയെ അറിയിച്ചത്.

കേസിലെ സാക്ഷികളെ പ്രതികൾ സ്വാധീനിച്ചുവെന്ന് സംശയിക്കുന്നതായി മധുവിന്റെ കുടുംബം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബന്ധു കൂടിയായ പ്രധാന സാക്ഷിയെ പ്രതികളിലൊരാൾ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളടക്കം അഗളി പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

ഭരണത്തിലിരിക്കുന്നവരുമായി പ്രതികൾക്ക് അടുത്ത ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും തങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിലിറങ്ങുമെന്നം മധുവിന്റെ കുടുംബം പറഞ്ഞു.

അതേസമയം, പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായും കുടുംബം ആരോപിക്കുന്നു. സർക്കാർ നിയമിച്ച രണ്ട് പ്രോസിക്യൂട്ടർമാർക്കും ഇതുവരെ ഫീസ് നൽകിയിട്ടില്ല. മുൻപ് നിയമിച്ച പ്രോസിക്ക്യൂട്ടർമാർക്കും ഫീസ് നൽകിയിരുന്നില്ല. തുടർന്ന് അവർ കേസിൽ നിന്ന് പിന്മാറി.

2018 ഫെബ്രുവരി 22ന് ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദനത്തെ തുടർന്നാണ് കൊല്ലപ്പെട്ടത്. ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ചാണ് നാട്ടുകാർ മധുവിനെ കെട്ടിയിട്ട് മർദിച്ചത്. കേസിന്റെ വിചാരണ മണ്ണാർക്കാട് സ്പെഷ്യൽ കോടതിയിൽ നടന്നുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button