ഉത്തരവ് കേട്ട ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം; കോടതിയിൽ നാടകീയ രംഗങ്ങൾ

കൊച്ചി: ജാമ്യമില്ലെന്ന ഉത്തരവ് കേട്ട ബോബി ചെമ്മണൂര്‍ കോടതിയില്‍ കുഴഞ്ഞുവീണു. ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ബോബി കുഴഞ്ഞുവീണത്. ബോബിയെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.

ജഡ്ജി ഉത്തരവ് വായിച്ച് കഴിഞ്ഞതോടെ ബോബി ചെമ്മണൂർ ബെഞ്ചിലേയ്ക്ക് ഇരിക്കുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ബോബിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയേക്കും.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹര്‍ജി തള്ളിയത്. 12.30-ഓടെയാണ് ബോബിയെ കോടതിയില്‍ ഹാജരാക്കിയത്. രണ്ടുമണിയോടെ വാദം തീര്‍ന്നു. ഏതാണ്ട് മൂന്നുമണിക്കൂറോളം ബോബി കോടതിക്കുള്ളില്‍ തന്നെയായിരുന്നു. വാദം അവസാനിച്ചപ്പോള്‍ ബോബിയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.

ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന ബോബി, റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കുഴഞ്ഞുവീണതെന്നാണ്‌ വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News