ചെന്നൈ:വിജയ് നായകനായി എത്തുന്ന വരിശ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാസ്വാദകർ. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾക്കും അപ്ഡേറ്റുകൾക്കും കാഴ്ച്ചക്കാർ ഏറെയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു വരിശിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിലെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഈ അവസരത്തിൽ തൻ എന്തുകൊണ്ടാണ് രക്തദാന ക്യാമ്പുകൾ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് വിജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരനും ദരിദ്രനും എന്ന വ്യത്യാസം, ജാതി – മതി വ്യത്യാസങ്ങൾ ഇല്ലാത്തതെന്ന് വിജയ് പറയുന്നു. രക്തം നൽകാൻ വരുന്നവരോട് ജാതിയും മതവും ജാതകവും ചോദിക്കില്ലല്ലോ. മനുഷ്യരായ നമ്മളാണ് ഇവയെല്ലാം ഉയർത്തിക്കാട്ടി ജീവിച്ച് പഴകിയതെന്നും വിജയ് പറയുന്നു.
“നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരനും ദരിദ്രനും എന്ന വ്യത്യാസം, ആണും പെണ്ണും എന്ന വ്യത്യാസം, ഉയർന്ന ജാതി താഴ്ന്ന ജാതി എന്ന വ്യത്യാസം ഇല്ലാത്തത്. ഇവയെക്കാൾ ഏറെ നീ ഏത് മതത്തിൽപ്പെട്ടവനാണ് എന്ന പ്രശ്നങ്ങൾ പോലും രക്തത്തിന് ഇല്ല. ബ്ലെഡ് ഗ്രൂപ്പുകൾ ഒരുപോലത്തെ ആയാൽ മതി. രക്തം നൽകാൻ വരുന്നവരോട് ജാതിയും മതവും ജാതകവും ചോദിക്കില്ലല്ലോ. മനുഷ്യരായ നമ്മളാണ് ഇവയെല്ലാം ഉയർത്തിക്കാട്ടി ജീവിച്ച് പഴകിയത്. രക്തത്തിന് അതൊന്നും ബാധകമേ ഇല്ല. ഈയൊരു നല്ല ഗുണമെങ്കിലും നമ്മുടെ രക്തത്തിൽ നിന്നും നമ്മൾ പഠിക്കണം എന്നതിന് വേണ്ടിയാണ് ഞാൻ ഇത് പറഞ്ഞത്”, എന്നായിരുന്നു വിജയിയുടെ വാക്കുകൾ.
വിജയിയുടെ ഫാൻസ് അസോസിയേഷനുകൾ പലപ്പോഴും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. അവ വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം വിജയ്‍യുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ് വരിശ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം.
ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.