യുപിയിൽ ബിഎൽഒ ജീവനൊടുക്കി; രാഷ്ട്രീയ സമ്മർദം കാരണമെന്ന് കുടുംബം

ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. ജൗൻപൂരിലെ മലാനി സ്വദേശി വിപിൻ യാദവാണ് മരിച്ചത്. ജൈത്പൂർ മാജ്ഹയിലെ സർക്കാർ സ്കൂൾ അധ്യാപകനായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അവശനിലയിൽക്കണ്ട വിപിനെ സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അതിനിടെ, വിപിൻ്റെ മരണം രാഷ്ട്രീയ സമ്മർദം കാരണമാണെന്ന് കുടുംബം ആരോപിച്ചു. മരണക്കിടക്കയിൽ വിപിൻ സംസാരിക്കുന്ന വീഡിയോ ഭാര്യ സീമ യാദവ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വോട്ടർ പട്ടിക പരിഷ്കരണ ജോലികളുമായി ബന്ധപ്പെട്ട് താരബ്ഗഞ്ച് എസ്ഡിഎം, നവാബ്ഗഞ്ച് ബിഡിഒ, എൽ.കെ. പാൽ എന്നിവരിൽനിന്ന് നിരന്തരം രാഷ്ട്രീയ ഭീഷണികൾ നേരിട്ടിരുന്നുവെന്ന് വിപിൻ യാദവ് പറയുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ. സംഭവത്തിൽ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പുറത്തുവന്ന ആരോപണങ്ങൾ ജില്ലാ ഭരണകൂടം നിഷേധിച്ചു. വിപിൻ ദാസിന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങൾകൊണ്ടായിരിക്കാമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രിയങ്ക നിരഞ്ജൻ പറഞ്ഞു. ഏൽപ്പിച്ചിരുന്ന ജോലി വിപിൻ പൂർത്തിയാക്കിയിരുന്നുവെന്നും ഔദ്യോഗിക സമ്മർദമൊന്നും നേരിട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. അന്വേഷണത്തിന്റെ ഭാഗമായി, മരണത്തിൽ വിപിന്റെ ഭാര്യയുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും ഡിഎം സൂചിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News