FootballKeralaNewsSports

സഹൽ ഫൈനൽ കളിച്ചേക്കും; ‘പരുക്കു ഗൗരവമുള്ളതല്ല, ലൂണയ്ക്ക് ആരോഗ്യ പ്രശ്നം’

പനജി: ഐഎസ്എൽ ഫൈനലിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് പാതി സന്തോഷവും പാതി സങ്കടവും നൽകി പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെ മാധ്യമ സമ്മേളനം. ഹൈദരാബാദ് എഫ്സിക്കെതിരായ ഫൈനൽ മത്സരത്തിൽ സൂപ്പർ താരം അഡ്രിയൻ ലൂണ കളിച്ചേക്കില്ലെന്നു പറഞ്ഞ കോച്ച്, സഹൽ അബ്ദുൽ സമദ് ഫൈനൽ കളിച്ചേക്കുമെന്ന സൂചനയും നൽകി.

ലൂണ മെഡിക്കൽ സംഘത്തിനൊപ്പമാണുള്ളതെന്നു പറഞ്ഞ കോച്ച്, താരത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായും സ്ഥിരീകരിച്ചു.‘ഗോവയിലെ ആരാധക സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. സീസണിൽ ഉടനീളം അവർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ടീം അവരോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഹൈദരാബാദിനെ ബഹുമാനിച്ചുതന്നെ കളത്തിലിറങ്ങും’– വുക്കൊമനോവിച്ചിന്റെ വാക്കുകൾ. ലൂണ ഫൈനൽ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജംഷഡ്പുരിനെതിരായ 2–ാം പാദ സെമിക്കു മുൻപ് പരിശീലനത്തിനിടെ പരുക്കേറ്റ മലയാളി താരം സഹൽ അബ്ദുൽ സമദ് ഫൈനലിന്റെ ഭാഗമാകുമോയെന്ന് മത്സരത്തിനു മുൻപേ തീരുമാനിക്കൂ എന്നു വുക്കൊമനോവിച്ച് നേരത്തെ പറഞ്ഞിരുന്നു. സഹലിന്റെ പരുക്കു ഗൗരവമുള്ളതല്ലെന്നു മാധ്യമ സമ്മേളനത്തിൽ പറഞ്ഞ കോച്ച്, ഫൈനലിൽ സഹൽ കളിച്ചേക്കുമെന്നു സൂചനയും നൽകി.

ഇന്ത്യൻ ടീമിനും ആവശ്യമുള്ള താരമായതിനാൽ സഹലിന്റെ പരുക്കു വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റിസ്ക് എടുക്കാൻ തയാറല്ലെന്നുമാണു വുക്കൊമനോവിച്ച് മുൻപു പറഞ്ഞിരുന്നത്. പരുക്ക് 100 ശതമാനം ഭേദമായാൽ മാത്രമേ സഹലിനെ ഫൈനലിൽ ഇറക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button