ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദിനെതിരായ അവസാന ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. നാല് തോൽവികൾക്കും ഒരു സമനിലയ്ക്കും പിന്നാലെ പ്രതീക്ഷയേകുന്ന വിജയമാണ് മഞ്ഞപ്പട നേടിയത്. സീസണിൽ ഒരു വിജയം മാത്രമായി ഹൈദരാബാദ് നിരാശയോടെ കളിക്കളം വിട്ടു.
ലീഗിൽ അവസാന സ്ഥാനക്കാരാണെങ്കിലും യുവനിരയുമായി ഇറങ്ങിയ ഹൈദരാബാദ് മികച്ച പോരാട്ടം തന്നെ നടത്തി. 34-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. മധ്യനിരയിൽ നിന്നും മുന്നേറ്റ താരമായെത്തിയ മുഹമ്മദ് അയ്മൻ ആദ്യം വലചലിപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലെത്താനും കൊമ്പന്മാർക്ക് സാധിച്ചു.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ കരുത്തരായി. 51-ാം മിനിറ്റിൽ ഡെയ്സൂക്ക് സകായ് ലീഡ് ഉയർത്തി. 81-ാം മിനിറ്റിൽ നിഹാൽ സൂധീഷിന്റെ ഗോൾ കൂടെ ആയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. എന്നാൽ ക്ലീൻ ഷീറ്റ് ബ്ലാസ്റ്റേഴ്സിന് നിഷേധിക്കപ്പെട്ടു. 88-ാം മിനിറ്റിൽ ജാവോ വിക്ടർ ഹൈദരാബാദിനായി ആശ്വാസ ഗോൾ നേടി.