പടക്ക വില്‍പ്പന ശാലയിലെ സ്ഫോടനം; അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു

തിരുവനന്തപുരം:പാലോട് നന്ദിയോട് ആലംപാറയിൽ പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു. പടക്കകടയുടെ ഉടമസ്ഥൻ ഷിബു ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഷിബുവിൻ്റെ ഭാര്യ മഞ്ജു വിൻ്റെ പേരിലാണ് കടയുടെ ലൈസന്‍സ് എങ്കിലും ഷിബുവാണ് കട നടത്തിയിരുന്നത്. പടക്ക നിര്‍മാണത്തിനും വില്‍പനക്കും ഇവര്‍ക്ക് ലൈസന്‍സ് ഉണ്ട്. അതേസമയം പരിശോധനയിൽ അളവില്‍ കൂടുതല്‍ പടക്കം ഷെഡില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീ പിടിച്ചത്. ഷിബുവും ഭാര്യയും താമസിക്കുന്ന വീടിന് അൽപ്പം അകലെയാണ് ഗോഡൌൺ പ്രവർത്തിച്ചിരുന്നത്. രാവിലെ 10. 30 തോടെയാണ് അപകടമുണ്ടായത്. പെട്ടന്ന് വലിയ പൊട്ടിത്തെറി ശബ്ദമുണ്ടായെന്നും ഉടൻ തീ പടർന്ന് പിടിച്ചുവെന്നുമാണ് സമീപവാസികൾ പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥൻ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News