കോഴിക്കോട്: ലോക്ക് ഡൗണ്‍ കാലത്ത് കോഴിക്കോട് മാവൂരില്‍ നാട്ടുകാര്‍ക്ക് തലവേദനയായി ബ്ലാക്ക് മാന്‍. നാട്ടില്‍ പലയിടത്തും രാപ്പകല്‍ വ്യത്യാസമില്ലാതെ ബ്ലാക് മാന്‍ വിലസുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാവൂരിന്റെ പലഭാഗങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി പലസമയത്തും ബ്ലാക്മാന്റെ സാന്നിധ്യമുണ്ടായെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ച ഉച്ചക്ക് വീടിനടുത്തെ പറമ്പിലേക്ക് കയറുന്നിതിനിടെ ബ്ലാക്മാനെ കണ്ടെന്നാണ് പള്ളിയോള്‍ നങ്ങാലന്‍കുന്നത്ത് സജിത പറയുന്നത്. മുഖത്ത് കറുത്ത ചായം തേച്ച രൂപത്തെ കണ്ട് സജിത ഭയന്നോടി.
നാട്ടുകാരുടെ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അര മണിക്കൂറിനുള്ളില്‍ തൊട്ടടുത്ത് ചളുക്കില്‍ സക്കീനയുടെ വീട്ടു വളപ്പിലും അജ്ഞാതനെ കണ്ടെന്ന് പരാതി ഉയര്‍ന്നു.നായര്‍ കുഴി, കൂളിമാട്, വെള്ളലശ്ശേരി ഭാഗങ്ങളിലും ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് ബ്ലാക് മാന്‍ അഭ്യൂഹം. വീടിന്റെ ജനല്‍ കല്ലെറിഞ്ഞ് തകര്‍ത്തതുള്‍പ്പടെയുള്ള പരാതികള്‍ കിട്ടിയിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിക്കാനാണ് മാവൂര്‍ പൊലീസിന്റെ തീരുമാനം.