കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്കരണ തലവേദന അകറ്റാൻ പട്ടാളപ്പുഴുക്കളെത്തുന്നു. കൊച്ചി കോർപ്പറേഷൻ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് അമ്പത് ടൺ ശേഷിയുള്ള രണ്ട് പട്ടാളപ്പുഴു പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ബ്ലാക് സോൾജിയേഴ്സ് ഫ്ലൈ അഥവാ പട്ടാളപ്പുഴുക്കളെ ഉപയോഗിച്ച് മാലിന്യം സംസ്കരിക്കാനാണ് പദ്ധതി.
ജൈവമാലിന്യത്തിൽ പട്ടാളപ്പുഴുക്കളുടെ മുട്ടകൾ നിക്ഷേപിച്ച് വിരിയിച്ച് ലാർവകളാക്കി മാറ്റും. ലാർവകൾ വലിയ തോതിൽ ജൈവമാലിന്യം അകത്താക്കും. ഈ ലാർവകൾ പുറത്തുവിടുന്ന മാലിന്യം കമ്പോസ്റ്റ് വളമാക്കി മാറ്റാം. ലാർവകൾ ഈച്ചയായി മാറി മുട്ടയിട്ട് പെരുകും. ആൺ ഈച്ചകൾ ഇണ ചേരുന്നതോടെയും പെൺ ഈച്ചകൾ മുട്ടയിടുന്നതോടെയും ചത്തുപോകും. ലാർവകൾ പ്യൂപ്പകളായി മാറിക്കഴിഞ്ഞാൽ അവയെ കോഴികൾക്കും പന്നികൾക്കും തീറ്റയായി ഉപയോഗിക്കാം.
ബ്രഹ്മപുരത്ത് പട്ടാളപ്പുഴു പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി. ഈ വർഷാവസാനത്തോടെ പ്ലാന്റുകൾ പ്രവർത്തനം തുടങ്ങും. കൊച്ചി കോർപറേഷൻ സ്ഥലം അനുവദിക്കുമെങ്കിലും പ്ലാന്റ് സ്ഥാപിക്കാനുള്ള പൂർണ ചിലവ് സ്വകാര്യ കമ്പനികളാണ് വഹിക്കുക. മാലിന്യം സംസ്കരിക്കാൻ കിലോയ്ക്ക് രണ്ടര രൂപ കോർപ്പറേഷൻ ടിപ്പിംഗ് ഫീസ് നൽകണം പല കൊമ്പന്മാരും മുട്ട് മടക്കിയ ഇടത്തേക്കാണ് പട്ടാളപ്പുഴുക്കളുടെ വരവ്.
കോടിക്കണക്കിന് രൂപക്ക് കരാർ എടുത്തവർക്ക് കഴിയാത്ത മാലിന്യ സംസ്കരണം പട്ടാളപ്പുഴുക്കൾക്ക് സാധ്യമായാൽ സംസ്ഥാനത്തിന് ഇത് മറ്റൊരു മാതൃകയാവും.