കണ്ണൂർ: സിസിടിവിയിൽ കുടുങ്ങിയെങ്കിലും അതൊന്നും കൂസാതെ മലയോരമേഖലയിൽ ബ്ലാക്ക്മാൻ വിളയാട്ടം തുടരുന്നു. പോലീസും നാട്ടുകാരും ജാഗ്രതാസമിതി രൂപീകരിച്ചു കണ്ണിലെണ്ണയൊഴിച്ചു കാത്തുനിൽക്കുമ്പോഴാണ് അവരെ വെട്ടിച്ചു വീണ്ടും ബ്ലാക്ക്മാൻ രംഗത്തിറങ്ങിയത്.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ബ്ലാക്ക്മാൻ ചെറുപുഴ – തിരുമേനി റോഡിൽ കോക്കടവിൽ പുത്തോത്ത് ജയ്സന്റെ വീടിന്റെ വാതിലിൽ ആഞ്ഞടിച്ചു. ശബ്ദംകേട്ട് വീട്ടുകാർ ലൈറ്റിട്ടപ്പോൾ ഓടി റോഡിൽ കയറി. ഇവിടെനിന്ന് ഇയാൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയത് സമീപത്തെ വീട്ടുകാർ കേട്ടു. എല്ലാവരും കൂടി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടില്ല. വീടിന്റെ സിറ്റൗട്ടിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നിട്ടുണ്ട്. കസേരയിലും കതകിനടുത്തും കട്ടിളപ്പടിയിലും വെള്ളമുണ്ട്. ഇവരുടെ വളർത്തുപൂച്ചയെ ചത്ത നിലയിൽ വീടിന് സമീപത്ത് കണ്ടു.
ചൊവ്വാഴ്ച രാത്രി ഒൻപതരയ്ക്ക് പ്രാപ്പൊയിൽ പഴയ റേഷൻകടയ്ക്കു സമീപം മൊണങ്ങാട്ട് സഫിയയുടെ വീടിന്റെ ഗ്രില്ലിനടിച്ചു ബ്ലാക്ക്മാൻ ഓടിരക്ഷപ്പെട്ടു. വീട്ടുകാരുടെ ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും വനത്തിനുള്ളിലേക്ക് ഓടിക്കയറിയ ബ്ലാക്ക്മാനെന്നു വിശേഷിപ്പിക്കുന്നയാളെ കണ്ടെത്തിയില്ല. ഇതിനിടെ ബ്ലാക്ക്മാന്റെ ശല്യം ഒഴിവാക്കുന്നതിനായി നാട്ടുകാർ
പ്രാപ്പൊയിൽ സ്‌കൂളിൽ ജാഗ്രതാസമിതിയോഗം ചേർന്നു. പോലീസും ജനപ്രതിനിധികളും നാട്ടുകാരുമാണ് യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയും പുലർച്ചെയുമായി കോക്കടവ്, പ്രാപ്പൊയിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഇയാൾ ചുവരെഴുത്ത് നടത്തിയത്. ഞായറാഴ്ച പുലർച്ചെ 12:31നാണ് ഇയാൾ പ്രാപ്പൊയിൽ പെരുന്തടം ചങ്ങാതിമുക്കിലെ മുട്ടുചിറ സതീഷ് കുമാറിന്റെ വീട്ടിലെത്തിയത്. ഇവിടത്തെ സിസിടിവിയിൽ ഇയാളുടെ അവ്യക്തദൃശ്യങ്ങൾ പതിയുകയും ചെയ്തു. ഇവിടെ മറ്റ് നാല് വീടുകളുടെ ചുമരിൽ എഴുതുകയും ഒരിടത്ത് മുട്ടിവിളിക്കുകയും ചെയതിരുന്നു.
ചെറുപുഴ മേഖലകളിൽ പോലീസ് കാവൽ തുടരുമ്പോഴാണ് ബ്ലാക്ക്മാൻ വിളയാട്ടം തുടരുന്നത്. പുതപ്പു മൂടി പുതച്ചു വീടുകളുടെ ചുമരിൽ വരയ്ക്കാനായി കയറുന്ന ബ്ലാക്ക്മാന്റെ സിസിടിവി ദൃശ്യം ലഭിച്ചുവെങ്കിലും ഇയാളെ തിരിച്ചറിയാൻ പോലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല.