കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായി പരാതി. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളേജ് അധികൃതരാണ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ കോളേജ് അധികൃതരോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേ സമയം കര്‍ശന സുരക്ഷയാണ് മുഖ്യമന്ത്രിയുടെ പരിപാടിക്കായി ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.
പരിപാടിയിലേക്ക് എത്തുന്ന ആളുകളുടെ ബാഗുകള്‍ അടക്കം പരിശോധിക്കുന്നുണ്ട്. കോളേജിന്റെ ഐഡന്റിറ്റി കാര്‍ഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല. ഇതിനിടെ രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് പോലീസ് നീക്കം.
സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്ന സാഹചര്യം നിലവിലുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി പാലക്കാട് എത്തിയതും മടങ്ങിയതും ഹെലികോപ്റ്ററിലായിരുന്നു.