മംഗ്ലൂരു: കർണാടക സുള്ള്യ ബെല്ലാരെയിൽ ബിജെപി യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. മംഗ്ലുരു യുവമോർച്ച ജില്ലാ സെക്രട്ടറിയായ നെട്ടാരു സ്വദേശി പ്രവീണ്‍ (32) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു കൊലപാതകം.
ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ ഇന്നലെ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ പ്രതികള്‍ പ്രവീണിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗ്ലൂരുവിൽ മുൻപ് നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.