കോട്ടയം: കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍.ഡി.എഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിജെപി തീരുമാനം. നേരത്തെ കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ബി.ജെ.പി. യുടെ നിലപാടാണ് നിര്‍ണായകമായിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പി. നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപി വിട്ടുനില്‍ക്കുന്നതോടെ ക്വാറം തികയാതെ അവിശ്വാസ പ്രമേയം പരാജപ്പെടുമെന്ന് ഉറപ്പായി.
ഇടത് വലത് മുന്നണികളെ അധികാരത്തിലേറാന്‍ സഹായിക്കേണ്ടയെന്നതാണ് ബിജെപി നിലപാട്. നിലവിലെ യുഡിഎഫ് ഭരണ സമിതിയോട് എതിര്‍പ്പുണ്ട്. നേരത്തെ അവിശ്വാസത്തെ പിന്തുണച്ചത് പ്രത്യേക രാഷ്ടീയ സാഹചര്യത്തിലാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
52 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 22 വീതം അംഗങ്ങളാണുണ്ടായിരുന്നത്. ഒരു കൗണ്‍സിലറുടെ മരണത്തോടെ യു.ഡി.എഫ്.-21, എല്‍.ഡി.എഫ്.-22, ബി.ജെ.പി.-എട്ട് എന്നതാണ് ഇപ്പോഴത്തെ കക്ഷിനില.
അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെങ്കില്‍ പകുതിയില്‍ കൂടുതല്‍ അംഗങ്ങള്‍ കൗണ്‍സിലില്‍ ഹാജരായി ഒപ്പ് രേഖപ്പെടുത്തണം. 27 അംഗങ്ങള്‍ സഭയില്‍ എത്തിയാല്‍ മാത്രമേ യോഗം ആരംഭിക്കാന്‍ കഴിയുമായിരുന്നുള്ളൂ.. ഇപ്പോഴത്തെ സ്ഥിതിയില്‍ ബി.ജെ.പി. അംഗങ്ങള്‍കൂടി കൗണ്‍സിലില്‍ ഹാജരായാല്‍ മാത്രമേ യോഗം ചേരാനാകൂ. അവര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ക്വാറം തികയാതെ യോഗം പിരിയും.
അവിശ്വാസം വിജയിക്കണമെങ്കിലും 27 പേര്‍ പിന്തുണയ്ക്കണം. ബി.ജെ.പി. പിന്തുണച്ചാല്‍ അവിശ്വാസം പാസാകുമായിരുന്നു.വീണ്ടും അവിശ്വാസപ്രമേയം കൊണ്ടുവരണമെങ്കില്‍ എല്‍.ഡി.എഫിന് ഇനി ആറുമാസം കാത്തിരിക്കണം. അതിനുമുന്‍പായി അംഗം മരിച്ച വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇവിടെ വിജയം യു.ഡി.എഫിനൊപ്പമായാല്‍ വീണ്ടും കൗണ്‍സിലില്‍ യു.ഡി.എഫ്., എല്‍.ഡി.എഫ്. അംഗബലം ഒരുപോലെയാകും.
ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍.ഡി.എഫ്. കൊണ്ടുവരുന്ന രണ്ടാം അവിശ്വാസമാണിത്.ആദ്യതവണ അവിശ്വാസം പാസായി ബിന്‍സി രാജിവെച്ചിരുന്നുവെങ്കിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും നറുക്കെടുപ്പിലൂടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.കഴിഞ്ഞ അവിശ്വാസത്തില്‍ എല്‍.ഡി.എഫിനെ പിന്‍തുണച്ച ബി.ജെ.പി. അധ്യക്ഷതിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചു.