ന്യൂഡൽഹി: വരാനിരിക്കുന്ന നിർണ്ണായക നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സംഘടനയെ അടിത്തട്ടിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഭാരതീയ ജനതാ പാർട്ടിയിൽ (BJP) വിപുലമായ അഴിച്ചുപണി. ഡൽഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഉത്തരവിറക്കിയത്. പുതിയ നിയമനങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ഔദ്യോഗിക വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി.
സംസ്ഥാനങ്ങളിലെ ഈ അഴിച്ചുപണിയോടെ മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നിരിക്കുകയാണ്. ഡൽഹി ഘടകത്തിന്റെ അധ്യക്ഷസ്ഥാനത്തേക്ക് കേന്ദ്ര കോർപ്പറേറ്റ് കാര്യ-റോഡ് ഗതാഗത സഹമന്ത്രി ഹർഷ് മൽഹോത്ര നിയമിതനായ സാഹചര്യത്തിൽ കേന്ദ്ര മന്ത്രിസഭയിൽ മാറ്റം ഉറപ്പായിക്കഴിഞ്ഞു. ജൂൺ 10-ന് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം വാർഷികം പൂർത്തിയാകുന്നതിനോട് അനുബന്ധിച്ച് മന്ത്രിസഭയിൽ വിപുലമായ പുനഃസംഘടന നടക്കുമെന്ന് നേരത്തെ വിവരങ്ങൾ വന്നിരുന്നു. വാർഷികത്തിന് തൊട്ടുമുമ്പോ ശേഷമോ ഈ മാറ്റങ്ങൾ ഉണ്ടായേക്കും.
നാല് സംസ്ഥാനങ്ങളിലെ പുതിയ നിയമനങ്ങൾ:
- ഡൽഹി: വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരം കേന്ദ്രമന്ത്രി ഹർഷ് മൽഹോത്രയെ പുതിയ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു.
- ഹരിയാണ: വനിതാ നേതാവ് അർച്ചന ഗുപ്തയാണ് പുതിയ അധ്യക്ഷ.
- പഞ്ചാബ്: സിഖ് മുഖമായ സർദാർ കേവൽ സിങ് ധില്ലനെ പുതിയ ബി.ജെ.പി അധ്യക്ഷനായി നിശ്ചയിച്ചു.
- ത്രിപുര: വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ പാർട്ടി എം.എൽ.എയായ അഭിഷേക് ഡെബ്രോയിയെയാണ് പുതിയ സംസ്ഥാന പ്രസിഡന്റായി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്.
കേന്ദ്ര മന്ത്രിസഭയിൽ പുതുമുഖങ്ങൾ എത്തിയേക്കും
പഞ്ചാബ് ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കൂടി പരിഗണിച്ചാകും മന്ത്രിസഭ രൂപീകരിക്കുക. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാനാകാതെ പോയ ചില മന്ത്രിമാരെ ഒഴിവാക്കി പുതുമുഖങ്ങൾക്കും പുതുതായി വരുന്ന രാജ്യസഭാംഗങ്ങൾക്കും അവസരം നൽകിയേക്കും. നിരവധി സഹമന്ത്രിമാർക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. നിലവിൽ പ്രധാനമന്ത്രിയുൾപ്പെടെ 72 അംഗങ്ങളാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. പശ്ചിമ ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനവും പുതുച്ചേരിയിലെ എൻ.ഡി.എ വിജയവും ഈ മന്ത്രിസഭാ വിപുലീകരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തും.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ 2027 ഫെബ്രുവരിയോടെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള നേതാക്കൾ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതിനോട് അനുബന്ധിച്ച് എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്‌തേക്കും.
കേരളത്തിന് വൻ പ്രാധാന്യം; വി. മുരളീധരന് ദേശീയ പദവി
ബി.ജെ.പി ദേശീയ തലത്തിൽ നടത്തുന്ന ഈ പുനഃസംഘടനയിൽ കേരളത്തിന് വലിയ പ്രാധാന്യം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് വി. മുരളീധരൻ ബി.ജെ.പി ദേശീയ നേതൃത്വത്തിൽ സുപ്രധാന പദവിയിലെത്തിയേക്കും. അദ്ദേഹത്തിന് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചനകൾ. കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ച വി. മുരളീധരനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും, പകരം ബി.ബി. ഗോപകുമാറിനെയാണ് പാർട്ടി നിശ്ചയിച്ചത്. വി. മുരളീധരനെ ദേശീയ തലത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിൽ നിന്നുള്ള നേതാക്കളിൽ ആർക്കെങ്കിലും ഒരാൾക്ക് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യതയും ശക്തമായി നിലനിൽക്കുന്നുണ്ട്.
In a major organizational shake-up ahead of upcoming assembly elections, BJP National President Nitin Nabin has appointed new state chiefs for Delhi, Haryana, Punjab, and Tripura. Union Minister Harsh Malhotra has been appointed as the new Delhi BJP chief, replacing Virendra Sachdeva, hinting at an imminent reshuffle of the Union Cabinet before or after the 2nd anniversary of the third Modi government on June 10. Archana Gupta (Haryana), Sardar Kewal Singh Dhillon (Punjab), and MLA Abhishek Debroy (Tripura) are the other newly appointed state presidents. Meanwhile, senior Kerala leader V. Muraleedharan is heavily tipped to become the BJP National General Secretary after the party chose B.B. Gopakumar as its legislative party leader in Kerala.


