ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി പണം വാഗ്ദാനം ചെയ്തതായി എംഎല്‍എ ശ്രീമന്ത് പട്ടീല്‍. സംഭവം വിവാദമായതിന് പിന്നാലെ താന്‍ സ്വമേധയാ ബിജെപില്‍ ചേരുകയായിരുന്നെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്താന്‍ തനിക്ക് അവര്‍ പണം വാഗ്ദാനം ചെയ്തു.
എന്നാല്‍ താന്‍ ഒരു നയാപൈസ പോലും സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് എത്ര പണം വേണമെന്ന് അവര്‍ ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരുപൈസ പോലും താന്‍ അവരില്‍ നിന്ന് വാങ്ങിയിട്ടില്ലെന്ന് ശ്രീമന്ത് പട്ടീല്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെ ശ്രീമന്ത് പട്ടീലിനെ യെഡിയൂരപ്പ മന്ത്രിസഭയില്‍ മന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ തനിക്ക് ആരും പണം വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകളെ അവര്‍ തെറ്റായി ഉപയോഗിക്കുകയായിരുന്നു. ആരും എന്നെ ബിജെപിയിലേക്ക് കൊണ്ടുപോവുകയായിരുന്നില്ലെന്നും താന്‍ സ്വമേധയാ പാര്‍ട്ടിയില്‍ ചേരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.പട്ടീലിന്റെ പരാമര്‍ശത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമര്‍ രംഗത്തെത്തി.
സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ ലോട്ടസിന്റെ ഭാഗമായി മന്ത്രിയായിരുന്ന ശ്രീമന്ത് പട്ടേലിനെ ചാക്കിലാക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യത്തില്‍ സത്യം തുറന്ന പറഞ്ഞ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും ഡികെ ശിവകുമാര്‍ പറഞ്ഞു.