ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ഭാര്യ മല്ലിക നഡ്ഡയുടെ മോഷണംപോയ വാഹനം പോലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്നാണ് മല്ലികയുടെ പേരിലുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ഡല്‍ഹി പോലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഫരീദാബാദ് ബദ്ഖല്‍ സ്വദേശികളായ ഷാഹിദ്, ശിവാംഗ് ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 19-ന് ഡല്‍ഹി ഗോവിന്ദപുരിയില്‍നിന്നാണ് മല്ലിക നഡ്ഡയുടെ പേരിലുള്ള ഫോര്‍ച്യൂണര്‍ കാര്‍ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്. സംഭവദിവസം ഡ്രൈവര്‍ ജൊഗീന്ദര്‍ സിങ് വാഹനം സര്‍വീസിനായി കൊണ്ടുപോയിരുന്നു. സര്‍വീസിന് ശേഷം തിരികെവരുന്നതിനിടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഉച്ചഭക്ഷണം കഴിക്കാനായി പോയ സമയത്താണ് മോഷണം നടന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് വാരാണസിയില്‍നിന്ന് വാഹനം കണ്ടെത്തിയത്. മോഷ്ടിച്ച വാഹനം നാഗാലാന്‍ഡിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഹിമാചല്‍ രജിസ്‌ട്രേഷനിലുള്ള വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചശേഷമാണ് പ്രതികള്‍ വാഹനവുമായി കറങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് ബദ്ഖലിലേക്ക് പോയ ഇരുവരും പിന്നീട് അലിഗഢ്, ലഖിംപുര്‍ ഖേരി, സിതാപുര്‍, ലഖ്‌നൗ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് വാരാണസിയിലെത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹിമാചല്‍ രജിസ്‌ട്രേഷനിലുള്ള ഫോര്‍ച്യൂണര്‍ മോഷ്ടിക്കപ്പെട്ട അതേ വാഹനമാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. വാഹനം ഗുരുഗ്രാം ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും പോലീസിന് വ്യക്തമായി. തുടര്‍ന്നാണ് പോലീസ് വാഹനം കണ്ടെത്തി രണ്ടുപ്രതികളെയും കസ്റ്റഡിയിലെടുത്തത്.