‘കവിതക്കെതിരായ ഇഡി അന്വേഷണം അവസാനിപ്പിച്ചാൽ ബി.ആർ.എസ്, ബി.ജെ.പിയിൽ ലയിക്കാമെന്ന് വാഗ്ദാനംചെയ്തു’ വെളിപ്പെടുത്തലുമായി എം.പി

ഹൈദരാബാദ്: ബിജെപിയുമായി ബിആര്‍എസ് സഖ്യമുണ്ടാക്കാനോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ ലയിക്കാനോ ബിആര്‍എസ് നേതാവ് കെ.ടി. രാമറാവു തയ്യാറായിരുന്നതായി ബിജെപി എംപിയുടെ അവകാശവാദം. സഹോദരി കെ. കവിതക്കെതിരായ ഇഡി, സിബിഐ അന്വേഷണം അവസാനിപ്പിച്ചാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനോ പാര്‍ട്ടിയില്‍ ലയിക്കാനോ തയ്യാറാണെന്നാണ് ബിആര്‍സ് വര്‍ക്കിങ് പ്രസിഡന്റായ കെ.ടി. രാമറാവു നല്‍കിയ വാഗ്ദാനമെന്നാണ് ബിജെപി എംപി സി.എം. രമേഷ് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കെ.ടി. രാമറാവുവിനെ ബിജെപി എംപി വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ തന്റെ വീട്ടിലെത്തിയത് കെടിആര്‍ മറന്നുപോയോ എന്നായിരുന്നു ബിജെപി എംപി രമേഷിന്റെ ചോദ്യം. ”അതെല്ലാം സിസിടിവിയില്‍ റെക്കോഡായിട്ടുണ്ട്. എനിക്കത് മാധ്യമങ്ങളുമായി പങ്കുവെയ്ക്കാനും കഴിയും. കവിതയ്ക്കും മറ്റുള്ളവര്‍ക്കും എതിരായ ഇഡി, സിബിഐ അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടില്ലേ? ആഭ്യന്തരമന്ത്രിയുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടില്ലേ? അന്വേഷണം അവസാനിപ്പിക്കുകയാണെങ്കില്‍ ബിആര്‍എസ് ബിജെപിയില്‍ ലയിക്കാമെന്ന് പറഞ്ഞില്ലേ?”, രമേഷ് ചോദിച്ചു.

അതേസമയം, ബിജെപി എംപിയുടെ ആരോപണങ്ങളും അവകാശവാദങ്ങളും കെ.ടി. രാമറാവു നിഷേധിച്ചു. ബിആര്‍എസ് ഒരിക്കലും മറ്റൊരു പാര്‍ട്ടിയുമായി ലയിക്കില്ല. തെലങ്കാനയ്ക്ക് വേണ്ടി ജന്മംനല്‍കിയ പാര്‍ട്ടിയാണിത്. സംസ്ഥാനത്തിന്റെ ക്ഷേമത്തിന് വേണ്ടി തുടര്‍ന്നും ഈ പാര്‍ട്ടി പ്രവര്‍ത്തിക്കും. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. അവരുടെ അഴിമതി ഇടപാടുകള്‍ പുറത്തുവന്നപ്പോള്‍ അതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News