NationalNewsNews

പ്രളയക്കെടുതി വിലയിരുത്താൻ രക്ഷാപ്രവർത്തകന്റെ പുറത്തുകയറി ബിജെപി എംഎൽഎ; വീഡിയോ

ന്യൂഡല്‍ഹി: അസ്സമിലെ പ്രളയബാധിത പ്രദേശത്ത് കെടുതികള്‍ വിലയിരുത്താനെത്തിയ ബിജെപി എംഎല്‍എ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി യാത്രചെയ്തത് വിവാദത്തില്‍. ലുംഡിങ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിബു മിശ്രയ്ക്കെതിരേയാണ് വിമർശനമുയരുന്നത്. പാദത്തിനു മുകളില്‍ മാത്രം വെള്ളമുള്ള സ്ഥലത്താണ് രക്ഷാപ്രവര്‍ത്തകന്റെ തോളിലേറി സിബു മിശ്ര സഞ്ചരിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രളയബാധിത പ്രദേശമായ ഹോജെയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഇദ്ദേഹം രക്ഷാപ്രവര്‍ത്തകന്റെ തോളിലേറിയത്. ഏതാനും ചുവടുകള്‍ മാത്രം ദൂരത്തുള്ള ബോട്ടിലേക്കായിരുന്നു യാത്ര. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സിബു മിശ്രയ്ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. നിരുത്തരവാദപരമായി പെരുമാറിയെന്നാണ് എംഎല്‍എയ്‌ക്കെതിരേ ഉയരുന്ന പ്രധാനവിമര്‍ശനം.

മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ഹോജായ്. മഴയും മലവെള്ളപ്പാച്ചിലും മൂലം ഇവിടെ അകപ്പെട്ട ജനങ്ങളെ സൈന്യമെത്തിയാണ് രക്ഷപ്പെടുത്തിയത്.

അസ്സമിലെ 27 ജില്ലകളിലായി ആറര ലക്ഷത്തോളം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്. ഒമ്പത് പേര്‍ മരണപ്പെട്ടു. അരലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. സംസ്ഥാനത്താകെ 248 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button