മീററ്റ്: ഉത്തര്‍പ്രദേശില്‍ പ്രാദേശിക ബി.ജെ.പി. നേതാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മീററ്റ് ഗോവിന്ദ്പുരിയിലെ ബി.ജെ.പി. പ്രാദേശിക നേതാവും ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ പടിഞ്ഞാറന്‍ മേഖല സോഷ്യല്‍ മീഡിയ ഇന്‍-ചാര്‍ജുമായ നിഷാങ്ക് ഖാര്‍ഗിന്റെ മരണത്തിലാണ് ഭാര്യ സോണിയയെ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി നാടന്‍ തോക്ക് ഉപയോഗിച്ച് ഭര്‍ത്താവ് തന്നെ കൊല്ലാന്‍ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ വഴക്കിനിടെ ഭര്‍ത്താവിന് വെടിയേറ്റെന്നുമാണ് സോണിയയുടെ മൊഴി. സോണിയക്കെതിരേ നിഷാങ്കിന്റെ സഹോദരനും പരാതി നല്‍കിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പ്രാഥമികമൊഴി നല്‍കിയ സോണിയ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് വഴക്കിനിടെയാണ് വെടിയേറ്റതെന്ന് വെളിപ്പെടുത്തിയത്.
ശനിയാഴ്ചയാണ് നിഷാങ്ക് ഖാര്‍ഗിനെ വീടിനുള്ളില്‍ വെടിയേറ്റ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയപ്പോള്‍ വെടിയേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്നനിലയിലാണ് ഭര്‍ത്താവിനെ കണ്ടതെന്നായിരുന്നു നിഷാന്തിന്റെ ഭാര്യയുടെ പ്രാഥമിക മൊഴി. ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച രാത്രി അമിതമായി മദ്യപിച്ചെത്തിയ ഭര്‍ത്താവ് തന്നെ മര്‍ദിച്ചു. ഇതോടെ പുലര്‍ച്ചെ മൂന്നുമണിയോടെ താന്‍ സമീപത്തുള്ള സ്വന്തം വീട്ടിലേക്ക് പോയി. ശനിയാഴ്ച രാവിലെ 6.30-ഓടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റനിലയിലാണ് ഭര്‍ത്താവിനെ കണ്ടതെന്നും സോണിയ ആദ്യംനല്‍കിയ മൊഴിയിലുണ്ടായിരുന്നു.
വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസ് സംഘത്തിന് മൃതദേഹത്തിന് സമീപത്തുനിന്ന് തോക്ക് കിട്ടിയിരുന്നില്ല. ഒഴിഞ്ഞ മദ്യക്കുപ്പിയും ഒരു ഗ്ലാസും മാത്രമാണ് മൃതദേഹം കിടന്നിരുന്ന മുറിയിലുണ്ടായിരുന്നത്. തുടര്‍ന്ന് സോണിയയെ ചോദ്യംചെയ്തതോടെ തോക്കും നിഷാങ്കിന്റെ മൊബൈല്‍ഫോണും ഇവര്‍ അലമാരയില്‍നിന്നെടുത്ത് നല്‍കി.
നിഷാങ്കിന്റെ മൃതദേഹം കണ്ട് ഭയന്നതോടെ തോക്ക് അലമാരയില്‍ ഒളിപ്പിച്ചതാണെന്നായിരുന്നു ഇതിനുനല്‍കിയ വിശദീകരണം. എന്നാല്‍ വിശദമായ ചോദ്യംചെയ്യലില്‍ സംഭവം ആത്മഹത്യയല്ലെന്നും വഴക്കിനിടെ വെടിയേറ്റതാണെന്നും സോണിയ തുറന്നുപറയുകയായിരുന്നു.