രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഇരുകാലുകളും നഷ്ടമായി; ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദന്‍ രാജ്യസഭയിലേക്ക്. ഇദ്ദേഹം ഉള്‍പ്പെടെ നാലുപേരെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടര്‍ന്നാണ് ഇത്. നിലവില്‍ സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റാണ് സദാനന്ദന്‍. ഇക്കഴിഞ്ഞ ദിവസമാണ് സദാനന്ദന്‍ ഈ സ്ഥാനത്തെത്തിയത്.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ സദാനന്ദന്റെ രാഷ്ട്രീയ പ്രവര്‍ത്തന മേഖല കൂത്തുപറമ്പായിരുന്നു. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിൽ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായി. പിന്നീടും വീല്‍ചെയറിലും മറ്റുമായി അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.

സി. സദാനന്ദനെ കൂടാതെ അഭിഭാഷകന്‍ ഉജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിന്‍ എന്നിവരെയും രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. വിവിധ മേഖലയിലെ പ്രാവീണ്യവും അവര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളും പരിഗണിച്ച് 12 പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്.

വികസിത കേരളം എന്നതാണ് തങ്ങളുടെ പ്രഖ്യാപിതനയമെന്നും അതിലേക്ക് ജനങ്ങളെ എത്തിക്കാനുള്ള പ്രവര്‍ത്തനം നടത്തുമെന്നും സി. സദാനന്ദന്‍ പറഞ്ഞു. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍നിന്ന് ഒരാളെ പാര്‍ട്ടി രാജ്യസഭയിലേക്ക് എത്തിക്കുക എന്നു പറയുന്നതിന്റെ പൊരുള്‍, കേരളം എന്ന സംസ്ഥാനത്തോടും ഇവിടുത്തെ ജനങ്ങളോടുമുള്ള പാര്‍ട്ടിയുടെ കരുതല്‍ തന്നെയാണ്, സദാനന്ദൻ പറഞ്ഞു.

അംഗീകാരം വൈകിപ്പോയോ എന്ന ചോദ്യത്തിന്, ഒരിക്കലുമില്ല എന്നായിരുന്നു സദാനന്ദന്റെ മറുപടി. അംഗീകാരം നേരത്തെയെത്തിയോ വൈകിയെത്തിയോ എന്നുള്ളത് പ്രസക്തമേയല്ല. അംഗീകാരം എന്നു പറയുന്നത്, പാര്‍ട്ടി ഒരു ചുമതല ഏല്‍പിക്കുന്നു. അത് അംഗീകാരമാണ്. കാരണം പാര്‍ട്ടി ഉദ്ദേശിക്കുന്നതരത്തിലുള്ള സാമൂഹിക പരിവര്‍ത്തനത്തിന് പറ്റുന്ന ആള്‍ എന്ന് പാര്‍ട്ടി കരുതുന്നതുകൊണ്ടാണ് ഒരു ചുമതല നല്‍കുന്നത്. പാര്‍ട്ടി ആ ചുമതല നല്‍കുമ്പോള്‍ തന്നെ നമ്മളില്‍ വിശ്വാസവും പ്രതീക്ഷയും അര്‍പ്പിക്കുകയാണെന്നും സദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News