ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി നേതാവും സൗത്ത് ഡല്‍ഹി കൗണ്‍സിലറുമായ മനോജ് മെഹ്ലാവത്തിന്റെ വിവാദ ശബ്ദസന്ദേശം പുറത്ത്. ശമ്പളമല്ല തന്റെ വരുമാന സ്രോതസ്സ് എന്ന് വ്യക്തമാക്കുന്ന ഓഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ‘എന്റെ വരുമാനം ശമ്പളം അല്ല, കൈക്കൂലിയാണ്’ എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.
ഇപ്പോള്‍ ശമ്പളമല്ല എന്റെ വരുമാനം, അത് ഇത് ഇങ്ങനെ ഒക്കെയാണ് എന്ന് അദ്ദേഹം ഓഡിയോയില്‍ പറയുന്നു. മനോജ് മെഹ്ലാവാത്ത് തന്നെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചുവെന്നും കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഒരു കെട്ടിട നിര്‍മ്മാതാവാണ് സിബിഐയ്ക്ക് പരാതി നല്‍കിയത്. വസന്ത് കുഞ്ച് മേഖലയില്‍ വീട് നിര്‍മ്മിക്കാന്‍ അനുമതിക്കായി 10 ലക്ഷം രൂപയാണ് കൗണ്‍സിലര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ പണി ആരംഭിച്ച കെട്ടിടം തകര്‍ക്കുമെന്ന് മാത്രമല്ല, ഒരു കട്ടകൂടി പടുക്കാന്‍ അനുവദിക്കില്ലെന്നും കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്. രാതിക്ക് പിന്നാലെ സിബിഐയുടെ നിര്‍ദ്ദേശപ്രകാരം പരാതിക്കാരന്‍ കൗണ്‍സിലറുടെ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കാന്‍ മുഴുവന്‍ കൈക്കൂലിയും ഒറ്റത്തവണയായി നല്‍കണമെന്ന് കൗണ്‍സിലര്‍ ആവശ്യപ്പെടുന്നത് റെക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് നേതാവ് അറസ്റ്റിലായത്.