കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് സബ്യസാചി ഘോഷ് പെൺവാണിഭ റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിൽ. ഹൗറയിലെ സ്വന്തം ഹോട്ടൽ കേന്ദ്രീകരിച്ച് ഇയാൾ പെൺവാണിഭ റാക്കറ്റ് പ്രവർത്തിപ്പിച്ചുവെന്നാണ് ആരോപണം. വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്.
11 പ്രതികളെ പോലീസ് ഹോട്ടലിൽനിന്നും പിടികൂടിയതായി തൃണമൂൽ കോണ്‍ഗ്രസ്, എക്സിലൂടെ അറിയിച്ചു. റാക്കറ്റിന്റെ ഇരകളായ ആറ് പെൺകുട്ടികളെ അധികൃതർ മോചിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇയാൾ പെൺവാണിഭ റാക്കറ്റിന്റെ ഭാഗമാക്കിയിരുന്നു.
സംഭവത്തിന് പിന്നാലെ അതിരൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. സ്ത്രീകളെയല്ല, മറിച്ച് പിമ്പുകളെയാണ് ബി.ജെ.പി സംരക്ഷിക്കുന്നതെന്നും തൃണമൂൽ ആരോപിച്ചു.
സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ ലൈംഗികാതിക്രമം നടത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി. നേരത്തെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് സംസ്ഥാനത്ത് പുതിയ സംഭവവികാസങ്ങളുണ്ടാകുന്നത്.
പരിശോധനയ്ക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ തൃണമൂല്‍ അണികള്‍ മര്‍ദിച്ച ജനുവരി അഞ്ചുമുതല്‍ പ്രദേശം സംഘര്‍ഷഭരിതമാണ്. ഇയാൾ ഉടൻ കീഴടങ്ങണമെന്ന് കൽക്കട്ട ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
ഷാജഹാനും അനുയായികളും തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്നും സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്നുമാരോപിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധവും അക്രമാസക്തമായിരുന്നു.
റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഷാജഖാന്‍ ശൈഖിനെതിരെ ഇ.ഡി. നടപടിയുണ്ടായത്. ഇതേത്തുടര്‍ന്ന് ഷാജഖാന്‍ ശൈഖ് ഒളിവില്‍ പോയതിന് പിന്നാലെയാണ് സന്ദേശ്ഖലിയിലെ സ്ത്രീകള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.