ചണ്ഡിഗഡ് ∙ബിജെപി നേതാവും ബിഗ്‌ബോസ് താരവുമായ സൊനാലി ഫോഗട്ട് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഗോവയിലായിരുന്നു അന്ത്യം. ജീവനക്കാർക്കൊപ്പം ഗോവ സന്ദർശിക്കവേയായിരുന്നു മരണമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ബിഗ് ബോസ് സീസൺ 14ലെ മത്സരാർഥിയായിരുന്നു സൊനാലി ഫോഗട്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ എത്തിയത്. ബിഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി. ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി
2019ലെ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആദംപുർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ഇവിടെനിന്നു ജയിച്ച കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയ് കഴിഞ്ഞമാസം എംഎൽഎ സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നു. സൊനാലിയും കുൽദീപ് ബിഷ്നോയ്‌യും കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സൊനാലി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്.
ടിക്ടോക് വിഡിയോകളിലൂടെയാണ് സൊനാലി താരമായത്. ധാരാളം ഫോളോവേഴ്‍സും ഉണ്ടായിരുന്നു. 2006ൽ ടിവി അവതാരകയായി അരങ്ങേറ്റം കുറിച്ചു. പിന്നീടാണു ബിജെപിയിൽ ചേർന്നത്. സമൂഹമാധ്യമങ്ങളിൽ സൊനാലിയുടെ റീൽസുകൾക്ക് ആരാധകരേറെയാണ്.2016 ഡിസംബറിൽ ഭർത്താവ് സഞ്ജയ് ഫോഗട്ട് അന്തരിച്ചു. ദുരൂഹസാഹചര്യത്തിൽ ഫാം ഹൗസിലാണ് സഞ്ജയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യശോധര ഫോഗട്ട് ആണ് മകൾ.
2016-ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോണാലി ഫൊഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹരിയാൻവി ചിത്രമായ ഛോറിയാൻ ഛോരോൻ എസ് കാം നഹി ഹോതിയിൽ അവർ പ്രത്യക്ഷപ്പെട്ടു. നിരവധി പഞ്ചാബി, ഹരിയാൻവി മ്യൂസിക് വീഡിയോകളുടെ ഭാഗമായി. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവർ അവസാനമായി കണ്ടത്.