തിരുവനന്തപുരം∙ ശശി തരൂരിനു തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞെന്നും അതുകൊണ്ടാണ് അദ്ദേഹം ഇവിടെ വീണ്ടും വീണ്ടും ജയിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. അടുത്തകാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നതായും തരൂരിന്റെ സേവനം കൂടുതൽ ലഭ്യമാകട്ടെ എന്നു പ്രാർഥിക്കുന്നതായും രാജഗോപാൽ പറഞ്ഞു.
അന്തരിച്ച മാധ്യമപ്രവർത്തകൻ എൻ.രാമചന്ദ്രന്റെ പേരിലുള്ള അവാർഡ് തരൂരിനു ഡി.കെ. ശിവകുമാർ സമ്മാനിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രാജഗോപാൽ. പ്രസംഗത്തിനുശേഷം സീറ്റിലേക്കു മടങ്ങിയ രാജഗോപാലിന്റെ പാദങ്ങളിൽ സ്പർശിച്ചാണ് തരൂർ പ്രതികരിച്ചത്.
‘‘പാലക്കാട്ടുകാരനായ ശശി തരൂരിന്റെ മഹിമ ലോകം അംഗീകരിക്കുന്നു. അദ്ദേഹം ഇവിടെ തിരുവനന്തപുരത്ത് മത്സരിക്കാൻ തീരുമാനിച്ച അവസരത്തിൽ ഞാൻ സംശയിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഏറ്റവും യോഗ്യൻ തന്നെയാണ്. അക്കാര്യത്തിൽ സംശയമില്ല. നല്ല ഇംഗ്ലിഷിൽ ഭംഗിയായി സംസാരിക്കും. പിന്നെ എന്താണ് ഈ തിരുവനന്തപുരത്തു വന്ന് മത്സരിക്കാനുള്ള കാരണം എന്നു ഞാൻ ചോദിക്കുകയുണ്ടായി.
പക്ഷേ അദ്ഭുതമെന്നു പറയട്ടെ, തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്തു ജയിക്കുന്നത്. ഇനി അടുത്ത കാലത്ത് വേറെ ആർക്കെങ്കിലും അവസരം കിട്ടുമോയെന്ന് ഞാൻ സംശയിക്കുകയാണ്. എന്തായാലും അങ്ങനെയുള്ള ഒരാളെ പാലക്കാട്ടുകാർ സംഭാവന ചെയ്തു എന്നുള്ളതിൽ എനിക്കു അഭിമാനമുണ്ട്. പാലക്കാട്ടുകാർക്കു മാത്രമല്ല, മലയാളികൾക്കു മുഴുവൻ അഭിമാനത്തിനു വകയുള്ള ഒന്നാണിത്.
എന്തായാലും അദ്ദേഹത്തിനു ദീർഘായുസ് ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ സേവനം കൂടുതൽ ലഭ്യമാകട്ടെ. അദ്ദേഹത്തിന് ഈശ്വരാനുഗ്രമുണ്ടാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു’’ – രാജഗോപാൽ പറഞ്ഞു.