കൊല്ലം :ചില സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും മാറ്റിയ നടപടിക്കെതിരേ ബി.ജെ.പി.യിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അമർഷം. കോർ കമ്മിറ്റിയെ നോക്കുകുത്തിയാക്കി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഏകപക്ഷീയമായാണ് പുനഃസംഘടന നടത്തിയതെന്ന് മുതിർന്ന നേതാക്കളും കൃഷ്ണദാസ് പക്ഷവും പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് നിയോജകമണ്ഡലങ്ങളിൽനിന്നു ലഭിച്ച പരാതി പരിശോധിച്ചശേഷം പുനഃസംഘടന മതിയെന്ന തീരുമാനം അട്ടിമറിച്ചെന്നാണ് പ്രധാന ആരോപണം.
ഒരു മുൻ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചില മുതിർന്ന നേതാക്കൾ പാർട്ടിവിടാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ പ്രമുഖരായ രണ്ട് ന്യൂനപക്ഷനേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. കഴിഞ്ഞദിവസം ജില്ലാ പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ട നേതാക്കളെയും അതൃപ്തരായ മുൻകാല നേതാക്കളെയും ഇവർ ബന്ധപ്പെടുന്നതായാണ് വിവരം. മുൻ സംസ്ഥാന സെക്രട്ടറി എ.കെ.നസീർ ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്ന് ‘ലെഫ്റ്റ്’ ആയിട്ടുണ്ട്.
കേരളമാകെ തിരഞ്ഞെടുപ്പിൽ മോശംപ്രകടനമുണ്ടായപ്പോൾ അഞ്ചുജില്ലകളിൽ മാത്രം പ്രസിഡന്റുമാരെ മാറ്റിയതാണ് പ്രാദേശികതലങ്ങളിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിർപ്പുണ്ടാകാൻ കാരണം. നാലു മണ്ഡലങ്ങളിൽ പാർട്ടി നാലാമതായിപ്പോയ എറണാകുളത്തും വൻതോതിൽ വോട്ടുചോർച്ചയുണ്ടായ ചില ജില്ലകളിലും പ്രസിഡന്റുമാരെ നിലനിർത്തിയതും ചർച്ചയായിട്ടുണ്ട്.
കീഴ്ഘടകങ്ങളിൽനിന്ന് ലഭിച്ച പരാതികൾ ചർച്ചചെയ്യാനായി കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എം.ഗണേശൻ, കെ.സുഭാഷ് എന്നിവരടങ്ങിയ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റി ഒരുതവണപോലും യോഗംചേർന്നിട്ടില്ല. അതിനിടെ രഹസ്യമായി സംഘടനാതല അഴിച്ചുപണി നടത്തിയെന്ന് സുരേന്ദ്രൻ വിരുദ്ധപക്ഷ നേതാക്കൾ പറഞ്ഞു. ‘ബി.ജെ.പി. കേരളം’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുതിർന്ന സംസ്ഥാന ഭാരവാഹികൾപോലും മാറ്റങ്ങൾ സംബന്ധിച്ച വാർത്തയറിഞ്ഞത്.
ഒഴിവുള്ള ഭാരവാഹികളെ നിയമിക്കുന്നകാര്യം മാത്രമേ കോർ കമ്മിറ്റിയിൽ ചർച്ച ചെയ്തിരുന്നുള്ളൂ. കൊടകര പണമിടപാട്, തിരഞ്ഞെടുപ്പ് തോൽവി എന്നിവയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡന്റിനെ മാറ്റണമെന്ന് മുതിർന്ന നേതാക്കളും സുരേന്ദ്രൻ വിരുദ്ധപക്ഷക്കാരും കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സുരേന്ദ്രനോട് അടുപ്പമുള്ളവരെ ഉൾപ്പെടുത്തി നടത്തിയ പുനഃസംഘടന, പാർട്ടിയിൽ തിരഞ്ഞെടുപ്പു തോൽവിക്കുശേഷമുണ്ടായ പ്രതിസന്ധിയെക്കാൾ രൂക്ഷമാകുമെന്നാണ് സംഘപരിവാറിലെ ഒരുവിഭാഗം വിലയിരുത്തുന്നത്.