മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയിൽനിന്ന് അഞ്ചുകോടി രൂപ തട്ടിയ കേസിൽ സംഘപരിവാർ പ്രവർത്തക ചൈത്ര കുന്ദാപുരയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ഉഡുപ്പിയിൽനിന്നാണ് ചൈത്രയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ യുവമോർച്ച ജനറൽ സെക്രട്ടറി ഉൾപ്പെടെ ആറുപേർകൂടി കസ്റ്റഡിയിലുണ്ട്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബൈന്ദൂർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി. ടിക്കറ്റിൽ മത്സരിപ്പിക്കാമെന്നും ജയിപ്പിച്ച് എം.എൽ.എ.യാക്കാമെന്നും വാഗ്ദാനം ചെയ്ത് വ്യവസായിയായ ഗോവിന്ദ് ബാബു പൂജാരിയെ ചൈത്ര വഞ്ചിച്ചെന്നാണ് പരാതി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പണം തിരികെ ചോദിച്ചപ്പോൾ വധഭീഷണി മുഴക്കിയതായും ബന്ദേപാളയ പോലീസിന് ഗോവിന്ദ് ബാബു നൽകിയ പരാതിയിയിൽ പറയുന്നു.
സംഘപരിവാറുകാരായ അഭിനവ ഹാലശ്രീ സ്വാമിജി, രമേഷ് ചിക്കമഗളൂരു, നായക്, ധൻരാജ്, ജഗൻ കഡൂർ, ശ്രീകാന്ത്, പ്രസാദ് ബൈന്ദൂർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2022 ജൂലായ് മുതൽ 2023 മാർച്ച് വരെ പല ഘട്ടങ്ങളായാണ് ചൈത്രയുടെ നേതൃത്വത്തിലുള്ള സംഘം ഗോവിന്ദ് ബാബുവിൽനിന്ന് പണം വാങ്ങിയത്.
ബി.ജെ.പി.-ആർ.എസ്.എസ്. നേതാക്കളുമായി ചൈത്ര അടുത്ത ബന്ധം പുലർത്തിയിരുന്നത് തട്ടിപ്പ് നടത്താൻ സഹായകമായി. കർണാടകയിലെ സ്പന്ദന ടി.വി.യിലെ മുൻ അവതാരകയായ ചൈത്ര കുന്ദാപുര പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി വിവാദത്തിലായിരുന്നു. കർണാടകയിൽ ബജ്റംഗ്‌ദൾ, വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന പരിപാടികളിലെ പ്രധാന പ്രഭാഷകയാണ്.