ന്യൂഡല്‍ഹി: ബിഹാറിലും രാജസ്ഥാനിലും പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ച് ബി.ജെ.പി. ബിഹാറില്‍ നിലവിലെ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയെ മാറ്റിയാണ് ദിലീപ് ജെയ്‌സ്വാളിനെ പുതിയ അധ്യക്ഷനായി നിയമിച്ചത്. രാജ്യസഭാ എം.പിയായ മദന്‍ റാത്തോഡാണ് രാജസ്ഥാന്‍ ബി.ജെ.പിയുടെ പുതിയ അധ്യക്ഷന്‍.
ബിഹാറിലെ റവന്യൂ ലാന്‍ഡ് റിഫോംസ് മന്ത്രിയാണ് ദിലീപ് ജെയ്‌സ്വാള്‍. വൈശ്യ സമുദായാംഗമായ അദ്ദേഹം 2009 മുതല്‍ ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് (എം.എല്‍.സി). സീമാഞ്ചല്‍ മേഖലയില്‍ വലിയ സ്വാധീനമുള്ള ദിലീപ് ജെയ്‌സ്വാള്‍ ബിഹാര്‍ ബി.ജെ.പിയിലെ ഖജാന്‍ജിയായിരുന്നു.
ആറ് സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ളവരേയും ബി.ജെ.പി. പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഹരീഷ് ദ്വിവേദി (അസം), എം.പി. അതുല്‍ ഗാര്‍ഗ് (ചണ്ഡീഗഢ്), അരവിന്ദ് മേനോന്‍ (തമിഴ്‌നാട്, ലക്ഷദ്വീപ്), രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ (രാജസ്ഥാന്‍), രാജ്ദീപ് റോയ് (ത്രിപുര) എന്നിങ്ങനെയാണ് സംഘടനാ ചുമതലയുള്ളവരുടെ പുതുക്കിയ പട്ടിക.