ന്യൂഡല്‍ഹി: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി പ്രമുഖ ബിജെപി നേതാവും മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹര്‍ഷ വര്‍ധന്‍. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് സിറ്റിങ് എംപിയായ അദ്ദേഹത്തിന് ബിജെപി ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ശനിയാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക പുറത്ത് വന്നപ്പോള്‍ ചാന്ദ്‌നി ചൗക്കില്‍ പര്‍വീണ്‍ ഖണ്ഡേല്‍വാളിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിന് പിന്നാലെയാണ് താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് ഹര്‍ഷ വര്‍ധന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.2014-ലും 2019-ലും ഹര്‍ഷ വര്‍ധന്‍ ചാന്ദ്‌നി ചൗക്കില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ‘അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും ഞാന്‍ പോരാടി വിജയിക്കുകയും പാര്‍ട്ടി സംഘടനയിലും സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള സര്‍ക്കാരുകളിലും അഭിമാനകരമായ നിരവധി സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു.
ഒടുവില്‍ എന്റെ വേരുകളിലേക്ക് മടങ്ങുന്നു’ ഹര്‍ഷ വര്‍ധന്‍ എക്‌സില്‍ കുറിച്ചു.ഡോക്ടര്‍ കൂടിയായ ഹര്‍ഷ വര്‍ധന്‍ കൃഷ്ണ നഗറിലുള്ള തന്റെ ഇ.എന്‍.ടി ക്ലിനിക്കില്‍ ഭാവി ജീവിതം ചെലവഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
2013-ല്‍ ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു ഹര്‍ഷ വര്‍ധന്‍. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും കോണ്‍ഗ്രസിന്റെ പിന്തുണയോടെ എഎപി അധികാരത്തിലേറുകയായിരുന്നു.
ഒന്നും രണ്ടും മോദി സര്‍ക്കാരുകളില്‍ മന്ത്രിയായി ഹര്‍ഷ വര്‍ധന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി ആരോഗ്യമന്ത്രിയായിട്ടുമുണ്ട്. കോവിഡ് കാലഘട്ടത്തില്‍ 2021-ല്‍ മന്ത്രിസഭാ പുനഃസംഘടനയിലാണ് മന്ത്രിസ്ഥാനം നഷ്ടമായത്.
അതിനിടെ ബിജെപി പ്രഖ്യാപിച്ച 195 സ്ഥാനാർത്ഥികളിൽ ഒരാൾ പിൻമാറി.ബംഗാളിലെ ആസൻസോൾ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഭോജ്പുരി നടനും ഗായകനുമായ പവൻ സിംഗാണ് (Pawan Singh) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറിയത്. ചില പ്രത്യേക കാരണങ്ങാൽ തനിക്ക് മത്സരിക്കാൻ താത്പര്യമില്ലെന്ന് പവൻ സിംഗ് പറഞ്ഞു. പവൻ സിംഗിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയത്.
‘ബിജെപിയുടെ ഉന്നത നേതൃത്വത്തിന് ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പാർട്ടി എന്നെ വിശ്വസിക്കുകയും അസൻസോളിൽ നിന്നുള്ള സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു, എന്നാൽ ചില കാരണങ്ങളാൽ എനിക്ക് അസൻസോളിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല’ പവൻ സിംഗ് ട്വീറ്റ് ചെയ്തു.
പ്രഖ്യാപനം കഴിഞ്ഞ് മിനിറ്റുകൾക്കകം തൃണമൂൽ കോൺഗ്രസ് നേതാക്കൾ പവൻ സിങ്ങിനെതിരെ ആഞ്ഞടിച്ചു..തൃണമൂലിൻ്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എംപി സാഗരിക ഘോഷ് അദ്ദേഹത്തിനെതിരെ എത്തിയിരുന്നു. പവൻ സിംഗ് തൻ്റെ “സ്ത്രീവിരുദ്ധ വീഡിയോകളിൽ” തിരിച്ചടി നേരിട്ടതിനാലാണ് പിന്മാറിയതെന്നെന്ന് സാഗരിക ഘോഷ് പറഞ്ഞു.
“ബ്രേക്കിംഗ് ന്യൂസ്. അഖിലേന്ത്യ തൃണമൂൽ കോൺഗ്രസിൻ്റെ സ്വാധീനം! സ്ഥാനാർത്ഥിയുടെ ലിംഗവിവേചനപരമായ സ്ത്രീവിരുദ്ധ വീഡിയോകളിൽ വൻ തിരിച്ചടിയെത്തുടർന്ന് ബിജെപി അസൻസോൾ സ്ഥാനാർത്ഥി പിൻവാങ്ങി. ബംഗാളിൽ ബിജെപിയുടെ ‘നാരി ശക്തി’ വിളി ഇപ്പോൾ തകർന്ന നിലയിലാണ്’ സാഗരിക ട്വീറ്റ് ചെയ്തു.
38 കാരനായ ഭോജ്പുരി ഗായകനെ തിരഞ്ഞെടുത്തത് വൻ വിവാദത്തിന് കാരണമായിരുന്നു. പലരും അദ്ദേഹത്തിൻ്റെ സംഗീതം ഉയർത്തിക്കാട്ടിയായിരുന്നു വിമർശിച്ച് എത്തിയത്. അതിൽ ബംഗാളി സ്ത്രീകളെക്കുറിച്ചുള്ള അനുചിതമായ പരാമർശങ്ങൾ ഉൾപ്പെടുന്നു.
അതേസമയം, ജാർഖണ്ഡിലെ ഹസാരിബാഗ് ജയന്ത് സിൻഹയ്ക്കും കിഴക്കൻ ഡൽഹി എംപി ഗൗതം ഗംഭീറിനും ശേഷം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന മൂന്നാമത്തെ ബിജെപി നേതാവാണ് പവൻ സിംഗ്. ബോളിവുഡ് ഇതിഹാസം ശത്രുഗൻ സിൻഹയാണ് നിലവിൽ തൃണമൂൽ കോൺഗ്രസിൻ്റെ അസൻസോൾ സീറ്റിൽ നിന്നും മത്സരിക്കുന്നത്.
ഇന്ത്യയിലും ലോകമെമ്പാടുമുള്ള “ആഗോള കാലാവസ്ഥാ വ്യതിയാനത്തെ” ചെറുക്കാനുള്ള തൻ്റെ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തൻ്റെ രാഷ്ട്രീയ ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സിൻഹ ശനിയാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയോട് അഭ്യർത്ഥിച്ചു . തൻ്റെ വരാനിരിക്കുന്ന ക്രിക്കറ്റ് പ്രതിബദ്ധതകളെ ഉദ്ധരിച്ച് നദ്ദയോട് സമാനമായ അഭ്യർത്ഥന നടത്തിയ ഗംഭീറിൻ്റെ മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ ട്വീറ്റ് വന്നത്.