തിരുവനന്തപുരം: നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ബിജെപി, സിപിഎം കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. ബാനർ ഉയർത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയർ ആര്യാ രാജേന്ദ്രനെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു.
ബിജെപി കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ നേരിട്ട കൗൺസിലർമാർ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു. മേയർക്ക് സുരക്ഷയൊരുക്കി പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. കൗണ്‍സിൽ ഹാളിൽ 24 മണിക്കൂർ ഉപവാസം നടത്തുമെന്ന് ബിജെപി അറിയിച്ചു. കൗണ്‍സിൽ യോഗം അവസാനിച്ചു.
കോർപ്പറേഷനിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മേയറുടെ പേരിലുള്ള കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ മറ്റ് ഏജൻസികളുടെ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് നടപടി.
തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നഗരസഭയിലെ താൽക്കാലിക ഒഴിവുകൾ നികത്താൻ ആളുകളെ ആവശ്യപ്പെട്ട് പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജന പക്ഷപാതമാണെന്നായിരുന്നു ആക്ഷേപം.
കഴിഞ്ഞ രണ്ട് വർഷത്തെ നിയമനങ്ങൾ ജുഡീഷ്യൽ കമ്മീഷനെ വെച്ച് പരിശോധിക്കണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. ആരോപണം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല. തന്‍റെ പേരിൽ പുറത്ത് വന്ന കത്ത് വ്യാജമാണെന്ന് മേയർ ആര്യാ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകിയിരുന്നു.