ഗര്‍ഭഛിദ്ര ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ശാസ്‌ത്രോത്സവം ഉദ്ഘാടന വേദിയില്‍; ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോയി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ ഉദ്ഘാടന വേദി ബഹിഷ്‌കരിച്ച് ബിജെപി കൗണ്‍സിലര്‍. പാലക്കാട് നഗരസഭാ കൗണ്‍സിലറായ മിനി കൃഷ്ണകുമാറാണ് ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയത്.

സ്ത്രീ പീഡന ആരോപണം നേരിടുന്ന ആളുമായി വേദി പങ്കിടരുതെന്നുള്ളത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അതിനാലാണ് വേദി ബഹിഷ്‌കരിച്ചതെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പേര് നോട്ടീസില്‍ കണ്ടിരുന്നു. എംഎല്‍എ എത്തിയാല്‍ വേദി ബഹിഷ്‌കരിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നഗരസഭയുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള എട്ട് കോടിയുടെ ഡിജിറ്റലൈസേഷന്‍ പ്രോജക്ട് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. നാലുകോടി രൂപയുടെ ഉപകരണങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഒരു നടപടിയും എടുത്തിട്ടില്ല. വാര്‍ഡ് കൗണ്‍സിലറെന്ന നിലയില്‍ അക്കാര്യത്തിലുള്ള പ്രതിഷേധം കൂടിയാണ് രേഖപ്പെടുത്തിയതെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു.

പാലക്കാട് ഗവണ്‍മെന്റ് മോയന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തത്. സംഘാടക സമിതി ചെയര്‍മാനായ മന്ത്രി എം.ബി. രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഉണ്ടായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News