തൃശൂര്‍: ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. ശോഭ സുരേന്ദ്രന്റെ പേര് ഒരു സീറ്റിലുമില്ല. ബിജെപി പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരം സീറ്റിൽ സുരേഷ് ഗോപിക്കും വി.വി രാജേഷിനും പുറമെ മേനക സുരേഷിന്റെ പേരുമുണ്ട്.
അതേസമയം നേമം, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ചെങ്ങന്നൂർ, ആറന്മുള, മഞ്ചേശ്വരം, കോന്നി, തൃശൂർ എന്നീ സീറ്റുകളിലെ തീരുമാനമാണ് കേന്ദ്ര നേതൃത്വത്തിന് വിട്ടത്. കെ സുരേന്ദ്രന്റെ പേര് കോന്നിയിലാണുള്ളത്.നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് സൂചന.സ്ഥാനാര്‍ത്ഥി പട്ടികയിൽ വി മുരളീധരന്‍റെ പേര് ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക
കോന്നിയിലെ ഒന്നാം പേരാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റേത്. നേമത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരൻ വട്ടിയൂര്‍കാവ് മണ്ഡലത്തിലെ സാധ്യതാ പട്ടികയിലും ഉണ്ടെന്നതും ശ്രദ്ധേയമാണ്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് അന്തിമ തീരുമാനം ആയില്ല.
കോഴിക്കോട് നോർത്ത് എംടി രമേശും കോവളത്ത് എസ് സുരേഷും മത്സരിക്കുമെന്നാണ് സാധ്യത. കാട്ടാക്കടയിൽ പികെ കൃഷ്ണദാസിനെ സ്ഥാനാര്‍ത്ഥിയാക്കും. മലമ്പുഴ സി കൃഷ്ണ കുമാർ മത്സര രംഗത്ത് ഉണ്ടാകുമെന്നും ഉറപ്പായി. സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയിൽ ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്
അതിനിടെ കേന്ദ്ര മന്ത്രിമാർ തൃശൂർ അതിരൂപതാ ആസ്ഥാനത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിപ്രഹ്ളാദ് ജോഷിയും വി മുരളീധരനുമാണ് ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തിയത്. .പ്രഭാരി സി പി രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയം സംസാരിച്ചില്ലെന്നും പൊതു കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്തതെന്നുമാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു കൂട്ടരും പ്രതികരിച്ചത്.
സാധ്യതാ പട്ടിക
പാലക്കാട്-ഇ. ശ്രീധരൻ
കാട്ടാക്കട-പി.കെ കൃഷ്ണദാസ്
കോഴിക്കോട് നോർത്ത്-എം.ടി രമേശ്
മലമ്പുഴ-സി കൃഷ്ണകുമാർ
മണലൂർ-എ.എൻ രാധാകൃഷ്ണൻ
നെടുമങ്ങാട്-ജെ.ആർ പത്മകുമാർ
അരുവിക്കര-സി ശിവൻകുട്ടി
പാറശാല-കരമന ജയൻ
ചാത്തന്നൂർ-ഗോപകുമാർ
അതിനിടെ നേമത്ത് മത്സരിയ്ക്കുന്നതിനായി ഉമ്മന്‍ചാണ്ടിയെയും പിണറായി വിജയനെയും സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. നേമം ബി.ജെ.പിയുടെ ഉരുക്കുകോട്ടയാണ്.രാഹുൽ ഗാന്ധി തന്നെ വന്ന് മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കും. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതായും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം ബിജെപിയുടെ കയ്യില്‍ നിന്ന് നേമം പിടിച്ചേ മതിയാവൂയെന്ന ഹൈക്കമാന്‍ഡ് വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുത്തേക്കുമെന്നാണ് വിവരം. പുതുപ്പള്ളി മാറി മത്സരിക്കാന്‍ വിമുഖത അറിയിച്ചെങ്കിലും സംസ്ഥാന നേതാവ് തന്നെ മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിന് ഉമ്മന്‍ ചാണ്ടി വഴങ്ങിയെന്നാണ് സൂചന.
നേമത്തേക്ക് പോകുന്നുവെങ്കില്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ മത്സരിപ്പിക്കുന്നതിലടക്കം ചില നിര്‍ദ്ദേശങ്ങള്‍ ഉമ്മന്‍ ചാണ്ടി മുന്‍പോട്ട് വച്ചേക്കും. സോണിയാ ഗാന്ധിയുമായി നടത്തുന്ന നാളത്തെ കൂടിക്കാഴ്ചയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടി നേമത്ത് എത്തിയേക്കും.