25.5 C
Kottayam
Monday, May 20, 2024

സ്ഥാനാർഥിപ്പട്ടിക ഇന്നോ നാളെയോ, സസ്പെൻസായി കഴക്കൂട്ടം

Must read

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥിപ്പട്ടികയുടെ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷിയും ഇന്നലെ കേരള നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, പി കെ കൃഷ്ണദാസ് എന്നീ നേതാക്കളായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. ഇന്ന് പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന കൂടുതൽ ചർച്ചകൾ ഉണ്ടാകും.

കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കോഴിക്കോട് നോർത്തിൽ എം ടി രമേശ്, ഇരിങ്ങാലക്കുടയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ്, ധർമ്മടത്ത് സി കെ പദ്മനാഭൻ, കോന്നിയിൽ കെ സുരേന്ദ്രൻ, നേമത്ത് കുമ്മനം രാജശേഖരൻ തുടങ്ങിയ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. വി മുരളീധരൻ മത്സരിക്കണോയെന്നതിൽ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്‍റേതാകും. വി മുരളീധരൻ മത്സരിച്ചേക്കില്ലെന്നാണ് സൂചന.

അതേസമയം, കഴക്കൂട്ടത്ത് ആര് മത്സരിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും കളത്തിലിറങ്ങുന്ന കഴക്കൂട്ടത്ത് എസ് എസ് ലാൽ ആകും യുഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് സൂചന. ബിജെപി ഇത്തവണ വിജയസാധ്യത കൽപിക്കുന്ന മണ്ഡലം കൂടിയാണ് കഴക്കൂട്ടം.

സുരേഷ് ഗോപി മത്സരിക്കുമോ എന്ന കാര്യത്തിലും ഇപ്പോഴും അവ്യക്തതയാണ്. തൃശ്ശൂരിലും തിരുവനന്തപുരം സെൻട്രലിലും ആണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. എന്നാൽ ഇത് വരെ സുരേഷ് ഗോപി സമ്മതം അറിയിച്ചിട്ടില്ലെന്നാണ് സൂചന. ജോഷിയുടെ പുതിയ ചിത്രമടക്കം പുതിയ പ്രോജക്ടുകൾ സുരേഷ് ഗോപിയെ കാത്തിരിപ്പുണ്ട്. ഷൂട്ടിംഗ് തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി മത്സരിക്കാൻ വിമുഖത കാണിക്കുന്നത്. അത്ര നിർബന്ധമാണെങ്കിൽ ഗുരുവായൂർ മത്സരിക്കാമെന്നാണ് സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തോട് പറഞ്ഞിരിക്കുന്നത്.

കോന്നിയിലെ ഒന്നാം പേരാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റേത്. നേമത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരൻ വട്ടിയൂക്കാവ് മണ്ഡലത്തിലെ സാധ്യതാ പട്ടികയിലും ഉണ്ടെന്നതും ശ്രദ്ധേയമാണ്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ചാണ് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്. ശോഭ സുരേന്ദ്രൻ മത്സരിക്കുന്ന കാര്യത്തിലും ദേശീയ നേതൃത്വമാകും തീരുമാനമെടുക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week