റായ്പുർ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർഥി കൊല്ലപ്പെട്ടു. നാരായൺപുർ മണ്ഡലത്തിലെ സ്ഥാനാർഥിയും ബിജെപി ഉപാധ്യക്ഷനുമായ രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് സംശയം.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൗശൽനർ മാർക്കറ്റ് പ്രദേശത്തുവച്ച് അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് സ്ഥാനാർഥി കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ബസ്‌തർ റേഞ്ച് ഐജി പി.സുന്ദർരാജ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ക്യാംപ് ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കെതിരെ രണ്ടു ദിവസം മുൻപ് മാവോയിസ്റ്റുകൾ ലഘുലേഖകൾ പുറത്തിറക്കിയിരുന്നു.