31.1 C
Kottayam
Saturday, May 18, 2024

പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ച് കയറി മോഡിയുടെ ഫോട്ടോ ചുമരില്‍ തൂക്കണമെന്ന് ആവശ്യം; ഒടുവില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

Must read

കോയമ്പത്തൂര്‍: പഞ്ചായത്ത് ഓഫീസിലേയ്ക്ക് അതിക്രമിത്ത് കയറി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോട്ടോ ചുമരില്‍ തൂക്കണമെന്ന ആവശ്യവുമായി എത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബി.എം.എസ് കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറി എം.ഭാസ്‌കരനാണു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെട്ട് ജയിലിലായത്. കോയമ്പത്തൂര്‍ പൂലുവപെട്ടി ടൗണ്‍ പഞ്ചായത്ത് ഓഫിസിലാണ് നാടകീയ സംഭവ വികാസങ്ങള്‍ക്ക് വേദിയായത്.

ശനിയാഴ്ച പൂലുവപെട്ടി ടൗണ്‍ പഞ്ചായത്ത് ഓഫിസില്‍ ഭാസ്‌കരനും അനുയായികളും എത്തി. കൈയ്യിലുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ ചുമരില്‍ തൂക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ കളക്ടറില്‍ നിന്ന് അനുമതിയില്ലാതെ നടക്കില്ലെന്നു പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു. പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നതു പാകിസ്താനിലാണോയെന്ന ആക്രോശവുമായി ഭാസ്‌കരനും സംഘവും സെക്രട്ടറിക്ക് നേരെ പാഞ്ഞടുത്തു.

കൈകാര്യം ചെയ്ത ശേഷം, ഫോട്ടോ ചുമരില്‍ തൂക്കി സ്ഥലം വിടുകയായിരുന്നു. ദൃശ്യങ്ങള്‍ ഭാസ്‌കരന്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതോടെ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാവ് അറസ്റ്റിലായത്. അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആലന്തുറൈ പൊലീസ് ഭാസ്‌കരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൂടെയുണ്ടായിരുന്ന 11 പേര്‍ക്കായി അന്വേഷണം നടത്തി വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week