EntertainmentFeaturedNationalNews

മുസ്ലിം തൊപ്പിയണിഞ്ഞ ജൂനിയര്‍ എന്‍.ടി.ആര്‍ ‘ഹിന്ദുവികാരം’ വ്രണപ്പെടുത്തുന്നു,രാജമൗലി ചിത്രത്തിനെതിരെ ബി.ജെ.പി രംഗത്ത്

ഹൈദരാബാദ്:സംവിധായകന്‍ രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ എന്ന പുതിയ ചിത്രത്തിനെതിരെ ബിജെപി നേതാവ് രംഗത്ത്. തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാറാണ് ചിത്രത്തിന്റെ പുറത്തുവന്ന ടീസറിനെതിരെ രംഗത്തുവന്നത്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാണ് നേതാവിന്റെ ആരോപണം.

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.ടീസറില്‍ ഭീം മുസ്‌ലിം തൊപ്പി അണിഞ്ഞ് വരുന്ന രംഗമാണ് സഞ്ജയ് കുമാര്‍ ചോദ്യം ചെയ്യുന്നത്. ഈ സീന്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും സഞ്ജയ് കുമാര്‍ ആവശ്യപ്പെടുന്നു. ജൂനിയര്‍ എന്‍ടിആര്‍ ആണ് കോമരം ഭീം ആയി എത്തുന്നത്.

‘കോമരം ഭീം എന്ന ഗോത്രവര്‍ഗക്കാരുടെ ദൈവത്തിനെ ആരാണ് തൊപ്പി ധരിപ്പിച്ചത്. ഈ സിനിമ ഗോത്രവര്‍ഗക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ഞങ്ങള്‍ ഏറെ ബഹുമാനിക്കുന്ന സമൂഹത്തെ, അവരുടെ പാരമ്പര്യത്തെ വ്രണപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. ജൂനിയര്‍ എന്‍ടിആര്‍, രാംചരന്‍ അല്ലെങ്കില്‍ സിനിമയിലെ മറ്റേതെങ്കിലും അഭിനേതാക്കള്‍ക്കെതിരെയല്ല ഞങ്ങള്‍ സംസാരിക്കുന്നത്. ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു പ്രവണത രാജ്യത്ത് തുടര്‍ച്ചയായി കണ്ടുവരുന്നു. അതിനെതിരെയാണ്. നാമെല്ലാവരും ഒന്നിച്ച് നിന്ന് ഈ രീതിയെ എതിര്‍ക്കണം” സഞ്ജയ് കുമാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് പുനഃരാരംഭിച്ചത്. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം അലിയ ഭട്ട് അടുത്ത മാസം ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്യും. മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണും ഒളിവിയ മോറിസും വരാനിരിക്കുന്ന ഷെഡ്യൂളുകളില്‍ ജോയിന്‍ ചെയ്യുമെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു. അടുത്ത വര്‍ഷത്തേക്കാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button