'സൽമാനേയും ദാവൂദിനേയും സഹായിക്കുന്നവർ കരുതിയിരിക്കുക'; ഭീഷണി സന്ദേശവുമായി ബിഷ്‌ണോയ് സംഘം

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകം നടത്തി മണിക്കൂറുകൾക്കുള്ളിൽ ലോറൻസ് ബിഷ്‌ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിഷ്‌ണോയ് സംഘാംഗമെന്ന് വ്യക്തമാക്കിയയാൾ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ തങ്ങളാണെന്ന് പറഞ്ഞ് രംഗത്തുവന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധമാണ് സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇവരുമായി ബന്ധമുള്ളവർ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിവരികയാണ്.

സൽമാൻ ഖാൻ, ഞങ്ങൾക്ക് ഈ യുദ്ധം വേണമെന്നില്ല, പക്ഷേ ഞങ്ങളുടെ സഹോദരന് ജീവൻ നഷ്ടമായത് നിങ്ങൾ കാരണമാണ്. ഇന്ന് ബാബാ സിദ്ദിഖിയുടെ മാന്യതയുടെ പൂൾ അടഞ്ഞു. കൊലപാതകത്തിന് കാരണം ദാവൂദ്, അനുജ് താപൻ എന്നിവരുമായുള്ള ബോളിവുഡ്, രാഷ്ട്രീയം, പ്രോപ്പർട്ടി ഡീലുകളുടെ ബന്ധങ്ങളാണ്.- ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയായ അനുജ് താപൻ നേരത്തേ മരണപ്പെട്ടിരുന്നു. ലോക്കപ്പിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് അന്ന് പോലീസ് നൽകിയ വിശദീകരണം.

ആരുമായും വ്യക്തി വൈരാഗ്യമില്ലെന്നും സൽമാൻ ഖാനേയും ദാവൂദ് ഇബ്രാഹിമിനേയും സഹായിക്കുന്നവർ കരുതിയിരിക്കണമെന്നും പോസ്റ്റിൽ പറയുന്നു. ഞങ്ങളുടെ സഹോദരങ്ങളിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ പ്രതികരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.

ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വൻ ഇഫ്താർ പാർട്ടികളിൽ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു.

താരങ്ങളുമായി അടുപ്പമുണ്ടായിരുന്നയാളായാണ് സിദ്ദിഖി അറിയപ്പെട്ടിരുന്നത്. സൽമാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചത് 2013 ൽ സിദ്ദിഖി നടത്തിയ പാർട്ടിയിൽ വെച്ചായിരുന്നെന്നും സിദ്ദിഖിയാണ് ഇതിന് മുൻകൈ എടുത്തതെന്നും വാർത്തകളുണ്ടായിരുന്നു. സൽമാന് നേരെയുണ്ടായ വധശ്രമവുമായി ഈ കേസിനുള്ള ബന്ധങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിലെ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിർത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News