ബിരിയാണി കടം നൽകിയില്ല; ഹോട്ടൽ തല്ലിത്തകർത്തു, ആക്രമണത്തിൽ ജീവനക്കാരന്റെ ചെവിയറ്റു

തൃപ്രയാർ: ബിരിയാണി കടം നൽകാത്തതിന്റെ പേരിൽ മൂന്നംഗസംഘം ഹോട്ടൽ തല്ലിത്തകർത്തു. അക്രമിസംഘത്തിന്റെ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന്റെ ചെവിയറ്റു. തൃപ്രയാർ ജങ്ഷന് വടക്കുള്ള ‘കലവറ’ ഹോട്ടലിലാണ് ബുധനാഴ്ച രാത്രി വൈകി ആക്രമണമുണ്ടായത്.

ഹോട്ടൽ ജീവനക്കാരൻ അസം സ്വദേശി ജുനൈദിനാണ് പരിക്കേറ്റത്. മറ്റ് ജീവനക്കാർക്കും അടിയേറ്റിട്ടുണ്ട്. ഹോട്ടലിലെത്തിയ സംഘം നാല് ബിരിയാണി പാഴ്‌സൽ ആവശ്യപ്പെട്ടു. ഇത് കൊടുത്ത് ബിൽ നൽകിയപ്പോഴാണ് പണമില്ലെന്നും കടമായി എഴുതിക്കൊള്ളാനും പറഞ്ഞത്.

ഉടമ സ്ഥലത്തില്ലെന്നും കടമായി നൽകാൻ പറ്റില്ലെന്നും ജീവനക്കാരൻ പറഞ്ഞു. തുടർന്ന്‌ ഇയാൾ ഉടമയെ ഫോണിൽ വിളിച്ച് കാര്യം പറയുന്നതിനിടെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ ജീവനക്കാരൻ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഇത് കണ്ട സംഘം ജീവനക്കാരനെ വീണ്ടും ആക്രമിച്ചു.

അടിയേറ്റ് പുറത്തേക്കോടിയ ജീവനക്കാരൻ കെട്ടിടമുടമയുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ സംഘം ക്രൂരമായി മർദിച്ചു. വലപ്പാട് സ്വകാര്യ ക്ലിനിക്കിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ജുനൈദിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണിലും പരിക്കുണ്ട്. സംഘം കട അടിച്ചുതകർത്തു. സി.സി.ടി.വി.യുടെ ഡി.വി.ആറും തകർത്തു. അക്രമിസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ കടയുടമ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News