മോസ്‌കോ: പക്ഷിപ്പനി പക്ഷികളില്‍ നിന്നു മനുഷ്യനിലേക്ക് പകര്‍ന്നതായി കണ്ടെത്തി റഷ്യ. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എന്‍8 വൈറസ് മനുഷ്യനില്‍ എത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ലോകാരോഗ്യ സംഘടന ജാഗ്രത നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട ദക്ഷിണ റഷ്യയിലെ കോഴിഫാമില്‍ ജോലി ചെയ്ത ഏഴുപേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ടെലിവിഷന്‍ സന്ദേശത്തിലാണ് റഷ്യന്‍ ആരോഗ്യ ഏജന്‍സി മേധാവി അന്ന പൊപ്പോവ ഈ കാര്യം സ്ഥിരീകരിച്ചത്. റഷ്യയിലെ വെക്ടര്‍ ലാബ് ഇവരുടെ ശരീരത്തില്‍ വൈറസിന്റെ വകഭേദം കണ്ടെത്തി.
എന്നാല്‍ ഈ ഫാം ജീവനക്കാര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവര്‍ക്ക് ഫാമില്‍ നിന്നായിരിക്കാം ശരീരത്തില്‍ വൈറസ് ബാധയുണ്ടായത് എന്നാണ് കരുതുന്നത്. പക്ഷിപ്പനിയുടെ വൈറസിന് വിവിധ സബ് ടൈപ്പുകളുണ്ട്. ഇതില്‍ എച്ച്5എന്‍8 സ്‌ട്രെയിന്‍ പക്ഷികളുടെ മരണത്തിന് കാരണമാകും. ഇത് ഇതുവരെ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടില്ല.
ഇത് സുപ്രധാനമായ കണ്ടെത്തലാണെന്നാണ് എന്നാണ് റഷ്യന്‍ അവകാശവാദം. റഷ്യയുടെ വാദങ്ങള്‍ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. റഷ്യന്‍ അധികൃതരുമായി ചേര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതില്‍ ഉണ്ടാകുന്ന പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തുമെന്നും ലോകാരോഗ്യ സംഘടന വക്താവ് അറിയിച്ചു.