25.5 C
Kottayam
Friday, September 27, 2024

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; ചത്തത് പതിനായിരത്തോളം താറാവുകൾ, വേണ്ടത് പ്രതിരോധവും ജാഗ്രതയും

Must read

ആലപ്പുഴ:കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ പുറക്കാട്, നെടുമുടി മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പതിനായിരത്തോളം താറാവുകൾ കൂട്ടമായി ചത്തൊടുങ്ങിയതിനെത്തുടർന്ന് സാംപിളുകൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്ലുവന്‍സ അഥവാ പക്ഷിപ്പനി. ഓര്‍ത്തോമിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എ. വൈറസുകളാണ് പക്ഷിപ്പനിക്ക് കാരണമാവുന്നത്. പക്ഷിപ്പനി വൈറസിന് അവയിലടങ്ങിയ ഉപരിതലപ്രോട്ടീനുകളുടെ അടിസ്ഥാനത്തില്‍ അനേകം വകഭേദങ്ങളുണ്ട്. ഇതിൽ പക്ഷികളിൽ ഏറെ മാരകമായതും വേഗത്തിൽ പടരുന്നതും മരണനിരക്ക് ഉയർന്നതുമായ എച്ച് 5 എൻ 1 (H-5 N-1) വകഭേദത്തിൽപ്പെട്ട ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസുകളാണ് ആലപ്പുഴയിൽ ഇപ്പോൾ രോഗകാരണമായത്.

ശീതകാലത്തിന്റെ തുടക്കത്തിൽ മറുനാടുകളിൽ നിന്നും പറന്നെത്തിയ ദേശാടന ജലപ്പക്ഷികളിൽ നിന്നാവാം വൈറസുകൾ താറാവുകളിലേക്ക് പടർന്നത് എന്നാണ് അനുമാനം. 2020 മാർച്ച് മാസത്തിൽ കോഴിക്കോടും മലപ്പുറത്തും എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടെത്തിയിരുന്നു. ദ്രുതഗതിയിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ വഴി അന്ന് എച്ച് 5 എൻ 1 പക്ഷിപ്പനിയെ നിയന്ത്രിക്കാൻ മൃഗസംരക്ഷണ വകുപ്പിന് കഴിഞ്ഞിരുന്നു.ഇക്കഴിഞ്ഞ ആഴ്ച മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് പകരാൻ ഇടയുള്ള ജന്തുജന്യരോഗങ്ങളുടെ ( സൂണോട്ടിക്) പട്ടികയിൽ ഉൾപ്പെട്ട രോഗങ്ങളിലൊന്നാണ് പക്ഷിപ്പനി. 1997ൽ ആദ്യമായി ഹോങ്കോങ്ങിലാണ് മനുഷ്യരിൽ എച്ച് 5 എൻ 1 പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 1997 മുതൽ 2015 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം പക്ഷിപ്പനി മൂലം മനുഷ്യരിൽ 907 രോഗബാധകളും 483 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയന്‍ ഇൻഫ്ലുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ എച്ച്5 എൻ1 പക്ഷിപ്പനി ബാധിച്ച് ഉണ്ടായ ആദ്യമരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈ വർഷം ജൂലൈയിൽ ഹരിയാനയിൽ ആയിരുന്നു.

രോഗബാധയേറ്റ പക്ഷികളെ സുരക്ഷാമുന്‍കരുതലുകള്‍ കൂടാതെ കൈകാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ മുൻകരുതൽ എന്ന നിലയിൽ എച്ച് 5 എൻ 1 പക്ഷിപ്പനി വൈറസിന്റെ വ്യാപനവും മനുഷ്യരിലേക്കുള്ള പകർച്ചാ സാധ്യതയും തടയാനുള്ള ദ്രുതനടപടികള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. മാത്രമല്ല കൂടുതൽ പ്രദേശങ്ങളിലേക്ക് വൈറസ് വ്യാപിക്കാൻ ഇടവന്നാൽ ആയിരകണക്കിന് കർഷകരുടെ ജീവനോപാധിയായ കോഴി, താറാവ്, അരുമപക്ഷിവളർത്തൽ മേഖല തന്നെ വൻ പ്രതിസന്ധിയിലാവും.

ഇൻഫ്ലുവന്‍സ വൈറസുകളെ ശരീരത്തില്‍ വഹിച്ച് പറക്കുന്ന ദേശാടനപ്പക്ഷികളും, കാട്ടുപക്ഷികളുമെല്ലാം ഏറെയുണ്ട്. വാഹകരായ പക്ഷികളുടെ ശ്വസനനാളത്തിലും അന്നനാളത്തിലുമെല്ലാമാണ് വൈറസുകള്‍ വാസമുറപ്പിക്കുക. വൈറസിന്റെ വ്യാപനത്തിലും നിലനില്‍പ്പിനും പരിണാമത്തിലും എല്ലാം വലിയ പങ്കുവഹിക്കുന്ന വാഹകരായ ഈ പക്ഷികളില്‍ വൈറസുകള്‍ സാധാരണ രോഗമുണ്ടാക്കില്ല.

രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ മൂക്കില്‍നിന്നും വായില്‍നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും വൈറസിനെ പുറന്തള്ളും. ഈ പക്ഷികളുമായും, സ്രവങ്ങളും, കാഷ്ഠവുമായുമുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും, ശരീരസ്രവങ്ങളും കാഷ്ഠവും കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വഴി പരോക്ഷമായും രോഗം അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും. ചെറിയ ദൂരപരിധിയില്‍ രോഗാണു മലിനമായ ജലകണികകള്‍, പൊടിപടലങ്ങള്‍, തൂവലുകള്‍ എന്നിവ വഴി വായുവിലൂടെയും രോഗവ്യാപനം നടക്കും.

രോഗലക്ഷണങ്ങളും, പകര്‍ച്ചനിരക്കും, രോഗതീവ്രതയും, മരണനിരക്കുമെല്ലാം വൈറസിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും.രോഗതീവ്രതയനുസരിച്ച്‌ പക്ഷിപ്പനി വൈറസുകള്‍ രണ്ടുവിധമുണ്ട്‌. തീവ്രത കുറഞ്ഞ വിഭാഗം (എല്‍.പി.എ.ഐ. – ലോ പത്തോജനിക്‌ ഏവിയന്‍ ഇൻഫ്ലുവന്‍സ ) വൈറസുകളാണെങ്കില്‍ ലക്ഷണങ്ങളും, മരണനിരക്കുമെല്ലാം തീര്‍ത്തും കുറവായിരിക്കും.

പലപ്പോഴും ലക്ഷണങ്ങള്‍ പോലും പ്രകടമാവണമെന്നില്ല. എന്നാല്‍ അതിതീവ്രവൈറസുകള്‍ (എച്ച്‌.പി.എ.ഐ. -ഹൈ പത്തോജനിക്‌ ഏവിയന്‍ ഇൻഫ്ലുവന്‍സ ) വേഗത്തില്‍ പടര്‍ന്നു പിടിക്കാനും പക്ഷികളുടെ കൂട്ടമരണത്തിനും കാരണമാവും. അതിതീവ്ര വൈറസ്‌ വിഭാഗത്തിലെ H5, H7 തുടങ്ങിയ ഉപവിഭാഗത്തിലെ വൈറസുകളാണ്‌ വളര്‍ത്തുപക്ഷികള്‍ക്ക്‌ ഏറ്റവും മാരകം.

അതിതീവ്ര വൈറസ് ബാധയില്‍ പച്ചകലര്‍ന്ന വയറിളക്കം, തലയും പൂവും താടയുമെല്ലാം വീങ്ങി നീലനിറമാവല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചശേഷം ഒന്നോ രണ്ടോ ദിവസത്തിനകം പക്ഷികള്‍ കൂട്ടമായി ചത്തൊടുങ്ങും. ലക്ഷണങ്ങള്‍ ഏതെങ്കിലും പ്രകടമാവുന്നതിന് മുന്‍പുതന്നെ പക്ഷികള്‍ കൂട്ടമായി ചത്തുവീഴാനും അതിതീവ്ര വൈറസ് ബാധയില്‍ സാധ്യതയുണ്ട്. ആലപ്പുഴയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അതിതീവ്ര വൈറസ് ബാധയാണ്. ഏകദേശം പതിനായിരത്തിൽ അധികം താറാവുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മേഖലയിൽ ചത്തൊടുങ്ങിയിട്ടുണ്ട്.

പക്ഷികള്‍ കൂട്ടമായി ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്ത മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നതാണ് ദേശീയ പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോള്‍ നിര്‍ദ്ദേശിക്കുന്ന നിയന്ത്രണമാര്‍ഗ്ഗം. ഒപ്പം അവയുടെ മുട്ട, തീറ്റ, കാഷ്ഠം, ലിറ്റര്‍ അടക്കമുള്ള മറ്റ് ജൈവമാലിന്യങ്ങള്‍ എന്നിവയും സുരക്ഷിതമായി സംസ്കരിക്കണം.

രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായവര്‍, പക്ഷി കാഷ്ഠം വളമായി ഉപയോഗിക്കുന്ന കര്‍ഷകര്‍, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍, രോഗബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരെല്ലാം പ്രത്യേക ജാഗ്രത പുലര്‍ത്തണം. രോഗം ബാധിച്ചവയെയും ചത്തുവീണ പക്ഷികളേയും കൈകാര്യം ചെയ്യുമ്പോള്‍ മാസ്ക്, കയ്യുറ, ഏപ്രണ്‍, ഗോഗിള്‍, ഗംബൂട്ട് തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

രോഗബാധിതമേഖലയില്‍ നിന്നും പക്ഷികളെയും, പക്ഷികളുടെ തീറ്റ, മുട്ട, മാംസം, ഫാം ഉപകരണങ്ങള്‍ എന്നിവയും, തൂവല്‍, കാഷ്ഠം, ലിറ്റര്‍ അടക്കമുള്ള ജൈവമാലിന്യങ്ങളും മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോവാന്‍ പാടില്ല.

ചുറ്റുവട്ടങ്ങളില്‍ പറന്നു നടക്കുന്ന നാട്ടുപക്ഷികളും, കാട്ടുപക്ഷികളും, ദേശാടനപക്ഷികളുമെല്ലാം രോഗവാഹകരും രോഗബാധിതരും ആവാന്‍ സാധ്യതയുണ്ട്. വളര്‍ത്തുപക്ഷികളുമായി ദേശാടനപ്പക്ഷികളുടെയും, കാട്ടുപക്ഷികളുടെയും, സമ്പര്‍ക്കം തടയാന്‍ ഫലപ്രദമായ ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

രോഗം കണ്ടെത്തിയതിന് പത്തുകിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്രദേശങ്ങളില്‍ കോഴികളെയും, താറാവുകളെയും മറ്റ് വളര്‍ത്തുപക്ഷികളെയും അഴിച്ചുവിട്ട് വളര്‍ത്തുന്നത് തല്‍ക്കാലം ഒഴിവാക്കണം. ദേശാടനകിളികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തില്‍ തീറ്റയവശിഷ്ടങ്ങളും, മാലിന്യങ്ങളും ഫാമിന്‍റെ പരിധിയില്‍ നിക്ഷേപിക്കരുത്. ജലപക്ഷികളും, ദേശാടനപക്ഷികളും വന്നിറങ്ങാത്ത രീതിയില്‍ ജലസംഭരണികളും, ടാങ്കുകളും നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി അടച്ച് സൂക്ഷിക്കണം.

മതിയായ അണുനശീകരണം നടത്തിയതിന് ശേഷം മാത്രമേ തൊഴിലാളികളെയും, വാഹനങ്ങള്‍, ഉപകരണങ്ങള്‍. എന്നിവയെയുമെല്ലാം ഫാമിനകത്തേക്ക് പ്രവേശിപ്പിക്കാവൂ. അനാവശ്യസന്ദര്‍ശകരെ ഫാമില്‍ അനുവദിക്കരുത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രധാനം. ഗ്ലൂറ്ററല്‍ഡിഹൈഡ് സംയുക്തങ്ങള്‍ അടങ്ങിയ കോര്‍സൊലിന്‍, ലൈസോള്‍, രണ്ടു ശതമാനം വീര്യമുള്ള കോസ്റ്റിക് സോഡാ ലായനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് എന്നിവയെല്ലാം ഫാമില്‍ ഉപയോഗിക്കാവുന്നതും ഇൻഫ്ലുവന്‍സ വൈറസുകളെ നശിപ്പിക്കുന്നതുമായ മികച്ച അണുനാശിനികളാണ്. വീട്ടില്‍ ഉപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡറും (ഹൗസ് ഹോള്‍ഡ് ബ്ലീച്ച്) പക്ഷിപ്പനി വൈറസുകളെ തടയാന്‍ ഉപയോഗിക്കാവുന്ന മികച്ച അണുനാശിനിയാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ കലക്കി കൂടും പരിസരവും വൃത്തിയാക്കാം.

ഫാമിലേക്ക് പുതിയ പക്ഷികളെ കൊണ്ടുവരുമ്പോള്‍ മുഖ്യഷെഡ്ഡിലെ പക്ഷികള്‍ക്കൊപ്പം ചേര്‍ക്കാതെ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ക്വാറന്റൈന്‍ നല്‍കേണ്ടത് ഏറെ പ്രധാനം.

രോഗമേഖലയില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോള്‍ അറിയാതെ വൈറസുകളുമായും സമ്പര്‍ക്കം ഉണ്ടാവാനിടയുണ്ട്. ഈയൊരു സാധ്യതയുള്ളതിനാല്‍ രോഗമേഖലകളില്‍നിന്നുള്ള ഇറച്ചിയും മുട്ടയും ഒഴിവാക്കണം. രോഗമേഖലകളിൽ പക്ഷി, മാംസ, മുട്ട വിപണനത്തിന് സർക്കാർ നിയന്ത്രണവും ഉണ്ട്.

മറ്റ് പ്രദേശങ്ങളില്‍നിന്നുള്ള ഇറച്ചിയും മുട്ടയും നന്നായി വേവിച്ച് കഴിക്കുന്നത് സുരക്ഷിതമാണ്. 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 3-5 മിനിറ്റിനകം വൈറസുകള്‍ നശിക്കും. ഇറച്ചി പാകം ചെയ്യുമ്പോള്‍ അതിന്റെ എല്ലാ ഭാഗവും നന്നായി വെന്തുവെന്ന് ഉറപ്പാക്കുക. പച്ചമുട്ടയും, പാതിവെന്ത ഇറച്ചിയും, മുട്ടയും ആഹാരമാക്കുന്നത് ഒഴിവാക്കണം. മുന്‍കരുതല്‍ എന്ന നിലയില്‍ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week