ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തും. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത. ഇത് വരെ അര ലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.
ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയാണ്. പോർബന്തരിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ തിരമാലയും അടിക്കുനുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ എല്ലാം സൈന്യത്തിൻ്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. അതിനിടെ, ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി.