NationalNewsNews

മാസ്റ്റർ ഓഫ് സർജിക്കൽ സ്ട്രൈക്സ്’- വിടവാങ്ങിയത് രാജ്യത്തിന്റെ ആദ്യസംയുക്ത സേനാമേധാവി

‘മാസ്റ്റർ ഓഫ് സർജിക്കൽ സ്ട്രൈക്സ്’- രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത് ഇപ്രകാരമാണ്. കാർക്കശ്യം, ധീരത, ഉറച്ച നിലപാട്… രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് നിയോഗിക്കപ്പെട്ടതും വെല്ലുവിളികൾ നേരിടാനുള്ള ആ ചങ്കുറപ്പിനുള്ള അംഗീകാരം കൂടിയായിരുന്നു. പാക് പ്രകോപനങ്ങളെ ആദ്യം മുന്നറിയിപ്പിന്റെ ഭാഷയിലും പിന്നാലെ തിരിച്ചടികളിലൂടെയും മറുപടി നൽകിയ സൈനിക മേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്ത്. സേവനകാലാവധി ഒരുവർഷം ബാക്കി നിൽക്കെ നീലഗിരി കുന്നിലെ ഹെലികോപ്ടർ ദുരന്തത്തിൽ റാവത്തിനെ രാജ്യത്തിന് നഷ്ടമായി.

റാവത്ത് രക്ഷപ്പെടണേ എന്ന പ്രാർഥനയിലായിരുന്നു അപകടവിവരം അറിഞ്ഞത് മുതൽ രാജ്യം. തീഗോളമായി മാറിയ ഹെലികോപ്ടറിൽനിന്ന് രക്ഷപെടുത്തി സൈനിക ആശുപത്രിയിൽ വിദഗ്ധചികിത്സ നൽകിയെങ്കിലും 85 ശതമാനത്തോളം പൊള്ളലേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. ഒടുവിൽ എല്ലാ പ്രാർഥനകളും വിഫലമായി. വൈകുന്നേരം 6.03-ന് ബിപിൻ റാവത്ത് മരിച്ചതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. തുല്യരിൽ മുമ്പനായി രാജ്യത്തെ സേവിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഇനിയില്ല.

https://d-23506589193517886204.ampproject.net/2111242025000/frame.html

ബി.ജെ.പി. നേരിട്ട ആദ്യ വെല്ലുവിളികളിൽ ഒന്നായിരുന്നു 2015 ജൂണിൽ നാഗാ തീവ്രവാദികൾ സൈനികർക്ക് നേരെ നടത്തിയ ആക്രമണം. ആക്രമണത്തിൽ 18 സൈനികരാണ് കൊല്ലപ്പെട്ടത്. ഒരു തിരിച്ചടി അനിവാര്യമായിരുന്ന സമയം. ജൂൺ എട്ടിന് ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഭീകരരെ തുരത്താൻ മിന്നലാക്രമണം. എഴുപതുമുതൽ എൺപതുവരെ ഭീകരരാണ് ആ സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടത്.

അടുത്ത വർഷം വീണ്ടുമൊരു മിന്നലാക്രമണം സൈന്യം നടത്തി, പാക് അധീന കശ്മീരിൽ. ഉറിയിലെ സൈനിക ക്യാമ്പിലേക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികരുടെ വീരമൃത്യു. അതിനുള്ള തിരിച്ചടിയായിരുന്നു ആ മിന്നാലാക്രമണം. ഇത് പാകിസ്താനുള്ള സന്ദേശമെന്നാണ് അന്ന് ആക്രമണത്തിന് ശേഷം ബിപിൻ റാവത്ത് പ്രതികരിച്ചത്. മിന്നാലാക്രമണങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ മനോധൈര്യം വർധിപ്പിച്ചുവെന്നും വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ഇന്ത്യയുടെ കീർത്തി വർധിച്ചുവെന്നും മുൻ സൈനിക മേധാവിയായിരുന്ന ദൽബീർ സിങ് അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ രണ്ടുമിന്നലാക്രമണങ്ങളുടെയും ചുക്കാൻ പിടിച്ചത് ബിപിൻ റാവത്ത് ആയിരുന്നു.

ഇതിന്റെ തുടർച്ചയായിട്ടായിരുന്നു സീനിയോറിറ്റി മറികടന്ന് കരസേനാ മേധാവിയായി ബിപിൻ റാവത്തിനെ സർക്കാർ നിയമിച്ചത്. കിഴക്കൻ കമാൻഡ് മേധാവി ലഫ്.ജനറൽ പ്രവീൺ ബക്ഷി, തെക്കൻ കമാൻഡ് മേധാവിയും മലയാളിയുമായ ലഫ്.ജനറൽ പി.എം. ഹാരിസ് എന്നിവരെ മറികടന്നാണ് ലഫ്.ജനറൽ റാവത്തിന്റെ നിയമനം. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ ഏറ്റവും അനുയോജ്യനാണ് റാവത്ത് എന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.

അതിർത്തി കടന്നുള്ള തീവ്രവാദവും നിഴൽയുദ്ധവും വടക്കുകിഴക്കൻ മേഖലയിലെ അസ്വസ്ഥതകളും ശക്തമായി നേരിടാൻ റാവത്തിന്റെ നേതൃത്വം കൊണ്ട് സാധിക്കുമെന്ന കണക്കുകൂട്ടലിൽ പ്രതിപക്ഷ പാർട്ടികളുടേതുൾപ്പടെയുളള എതിർപ്പുകളെ അവഗണിച്ച് സർക്കാർ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചു. സൈനിക മേധാവിയുടെ നിയമനത്തെ വിവാദമാക്കുന്ന രാഷ്ട്രീയകക്ഷികൾ രാജ്യസ്നേഹമില്ലാത്തവരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

ഉത്തരാഖണ്ഡിലെ പൗഡിയിലുള്ള സൈനികകുടുംബത്തിലാണ് റാവത്തിന്റെ ജനനം. ഹിമാചൽപ്രദേശിലെ ഷിംലയിലുള്ള എഡ്വേഡ് സ്കൂൾ, ഖഡഗ്വാസയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലാണ് പഠനം. അച്ഛൻ ലഫ്. ജനറൽ ലക്ഷ്മൺ സിങ് റാവത്ത് സേവനമനുഷ്ഠിച്ച ’11 ഗൂർഖാ റൈഫിൾസ്’ ന്റെ അഞ്ചാം ബറ്റാലിയനിൽ ഓഫീസറായി 1978-ലാണ് ജനറൽ റാവത്ത് ഔദ്യോഗികജീവിതം തുടങ്ങിയത്.

ഇന്ത്യ-ചൈന അതിർത്തിയിൽ ഇൻഫന്ററി ബറ്റാലിയൻ കമാൻഡന്റും കശ്മീരിൽ ഇൻഫന്ററി ഡിവിഷൻ തലവനുമായി സേവനംചെയ്ത റാവത്ത്, മലമ്പ്രദേശങ്ങളിലെ യുദ്ധമുറകളിൽ വിദഗ്ധനായാണ് അറിയപ്പെടുന്നത്. ഈ വൈദഗ്ധ്യത്തിന്റെ പേരിൽ പരമവിശിഷ്ട സേവാ മെഡലും ഉത്തം യുദ്ധ സേവാമെഡലുമുൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്. ചൈനീസ് അതിർത്തി, കശ്മീർ താഴ്വര, വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലമ്പ്രദേശങ്ങളിലെ യുദ്ധമുറകളിലും നിയന്ത്രണരേഖയിലെ സൈനിക വിന്യാസത്തിലും ദീർഘനാളത്തെ പരിചയമുണ്ടായിരുന്നു റാവത്തിന്. നിരവധി സൈനികബഹുമതികൾ ലഭിച്ച അദ്ദേഹത്തെ സഹപ്രവർത്തകർ വിശേഷിപ്പിക്കുന്നത് തികഞ്ഞ പ്രൊഷണലും ജെന്റിൽമാനുമായിട്ടാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ അഭിപ്രായ പ്രകടനങ്ങളും റാവത്തിനെ വാർത്തകളിലെത്തിച്ചു. വിഷയത്തിൽ ഒരു കരസേനാ മേധാവി രാഷ്ട്രീയ പരാമർശം നടത്തിയതിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ആഞ്ഞടിച്ചു. എന്നാൽ അദ്ദേഹം നടത്തിയത് രാഷ്ട്രീയ പരാമർശമല്ലെന്ന നിലപാടാണ് കരസനേ സ്വീകരിച്ചത്.

പലപ്പോഴും വളരെ തീവ്രമായ ഭാഷയിലാണ് റാവത്ത് വിഷയങ്ങളോട് പ്രതികരിച്ചിരുന്നത്. 2017-ൽ കശ്മീർ വിഷയത്തിൽ റാവത്ത് നടത്തിയ പരാമർശത്തെ വിമർശിച്ച് കാരാട്ട് രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലെ സൈനികരുടെ ഇടപെടൽ നിയന്ത്രിക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ചാൽ സൈനികർക്കെതിരെ നടപടിയെടുക്കുന്നമെന്ന് റാവത്ത് അറിയിച്ചതും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. സ്ത്രീകളെ സൈന്യത്തിന്റെ മുൻനിരയിലെത്തിക്കുമെന്ന വിപ്ലവകരമായ പ്രഖ്യാപനവും റാവത്ത് നടത്തിയിരുന്നു.

2020 ജനുവരി ഒന്നിനാണ് രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാമേധാവിയായി (സി.ഡി.എസ്.) ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റത്. കരസേനാമേധാവിയായി മൂന്നുവർഷം പൂർത്തിയാക്കിയ റാവത്ത് 62 വയസ്സ് പൂർത്തിയാവാൻ രണ്ടരമാസം ബാക്കിനിൽക്കെയാണ് ആദ്യ സംയുക്ത സേനാമേധാവിയായി സ്ഥാനമേറ്റെടുത്തത്. മൂന്നുവർഷമായിരുന്ന അദ്ദേഹത്തിന്റെ കാലാവധി. സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സി.ഡി.എസ്. എന്ന പദവിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത്. 1999-ൽ കാർഗിൽ യുദ്ധത്തിനുശേഷം നിയോഗിക്കപ്പെട്ട കെ. സുബ്രഹ്മണ്യം കമ്മിറ്റിയാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചത്.

പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവാവും പ്രതിരോധമന്ത്രാലയത്തിനു കീഴിൽ ഉണ്ടാക്കിയ സേനാകാര്യവകുപ്പിന്റെ സെക്രട്ടറിയും സി.ഡി.എസ് ആയിരുന്നു. കര, നാവിക, വ്യോമസേനാ മേധാവികൾക്ക് തുല്യമായ പദവി തന്നെയായിരുന്നു സി.ഡി.എസിനുങ്കിലും ‘തുല്യരിൽ മുമ്പൻ’ എന്നരീതിയിലായിരുന്നു പ്രവർത്തനം. സേനാംഗങ്ങൾക്ക് നിർദേശം നൽകുന്നതുൾപ്പെടെ സൈനികനടപടികളിൽ സി.ഡി.എസിന് അധികാരമില്ലായിരുന്നു. അതിനുള്ള അധികാരം അതതു സേനാവിഭാഗങ്ങളുടെ തലവന്മാർക്കുതന്നെയായിരുന്നു. മൂന്നുസേനാമേധാവികളുമുൾപ്പെട്ട ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം അധ്യക്ഷനായിരുന്നു ഇദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button