NationalNews

ബിപിൻ റാവത്തിൻ്റെയും ഭാര്യയുടെയും അടക്കമുള്ള മൃതദേഹങ്ങൾ നാളെ ഡൽഹിയിൽ എത്തിക്കും,ഔദ്യോഗിക പരിപാടികൾ റദ്ദാക്കി രാഷ്ട്രപതി

ഡൽഹി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് (CDS Bipin Rawat), ഭാര്യ മധുലിക റാവത്ത് അടക്കമുള്ള 13 പേരുടെ മൃതദേഹം നാളെ ദില്ലിയില്‍ എത്തിക്കും. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. മുംബൈയിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി രാഷ്ട്രപതി ദില്ലിക്ക് മടങ്ങി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ജനറല്‍ ബിപിന്‍ റാവത്തിന്‍റെ വീട്ടിലെത്തി മകളെ കണ്ടു. പ്രതിരോധ മന്ത്രി നാളെ പാര്‍ലമെന്‍റില്‍ വിശദമായ പ്രസ്താവന നടത്തും. കര വ്യോമസേനകള്‍ സംഭവത്തില്‍ ഉന്നത തല അന്വേഷണം തുടങ്ങി. 

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

ദില്ലിയില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്യം ആ ദുരന്ത വാര്‍ത്ത കേട്ടത്. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ഈ സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു.

പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അതിന് ശേഷമാണ് ബിപിൻ റാവത്തിന്‍റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.

അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കരവ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണ് ഉള്ളത്. അപകടത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഇന്ന് തന്നെ വിശദമായ പ്രസ്താവന രാജ്നാഥ് നടത്തുമെന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചെങ്കിലും നാളത്തേക്ക് മാറ്റി. ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാനുള്ള സാഹചര്യം പരിഗണിച്ചാണിതെന്ന് സൂചനയുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button