കൊച്ചി:മലയാളികള്‍ക്ക് സുപരിചിതനാണ് ബിനു അടിമാലി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. മിമിക്രി വേദിയില്‍ നിന്നുമാണ് ബിനു അടിമാലി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള വരവ്. നിലവിൽ സ്റ്റാർ മാജിക്കിലെ അടക്കം സജീവ സാന്നിധ്യമാണ് ബിനു അടിമാലി. ഒപ്പം സിനിമയിലും തിളങ്ങി നിൽക്കുകയാണ്.
പാളയം പി സി ആണ് ബിനുവിന്റെ പുതിയ ചിത്രം. രാഹുൽ മാധവ്, കോട്ടയം രമേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ബിനു അടിമാലി എത്തുന്നത്. നടൻ ധർമജൻ ബോൾഗാട്ടിയും ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ ഇപ്പോൾ. അതിനിടെ 2023നെ കുറിച്ച് വരും വർഷത്തെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ചും ഇരുവരും പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്.
വലിയ പ്ലാനുകളോടെയൊന്നുമല്ല താൻ പുതിയ വർഷത്തിലേക്ക് കടക്കുന്നതെന്ന് ധർമജൻ പറയുന്നു. വലിയ ദുരാഗ്രഹത്തോടെ ഒന്നും ഒരിക്കലും ഒരു വർഷവും തുടങ്ങാറില്ല. 2023 തനിക്ക് തരക്കേടില്ലാത്ത വർഷമായിരുന്നു. അത്യാവശ്യം സിനിമകൾ ഒക്കെ കിട്ടി എന്നും ധർമ്മജൻ പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്. എന്നാൽ 2023 തനിക്ക് അത്ര നല്ല വർഷം ആയിരുന്നില്ലെന്ന് ബിനു അടിമാലി പറഞ്ഞു
വലിയ ഒരു അപകടവും നഷ്ടവുമൊക്കെ സംഭവിച്ച വർഷമാണ്. പക്ഷെ സുഹൃത്തുക്കളുടെ സ്നേഹം തിരിച്ചറിയാൻ സാധിച്ചു. എന്റെ അപകടവിവരം അറിഞ്ഞിട്ട് ശ്വേത മേനോൻ മുംബൈയിൽ നിന്നും എന്റെ വീട്ടിലെത്തി. ദിലീപേട്ടൻ കാര്യങ്ങൾ വിളിച്ച് അന്വേഷിച്ചു. ജയസസൂര്യ അടക്കം നിരവധി പേരാണ് കാര്യങ്ങൾ തിരക്കി എത്തിയത്. സത്യത്തിൽ ഈ ഒരു അവസരത്തിൽ പലരുടെയും സ്നേഹം തിരിച്ചറിയാനായി. കണ്ണുകിട്ടുക എന്നതൊക്കെ അന്ധവിശ്വാസം ആണെന്നൊക്കെ പറയാം. എന്നാൽ മഹേഷിന്റെ കാര്യത്തിൽ സംഭവിച്ചത് അതുപോലെ ആയെന്നും ബിനു അടിമാലി പറഞ്ഞു.
സിനിമയിൽ നിന്നുള്ള ഒരു അനുഭവവും ബിനു അടിമാലി അഭിമുഖത്തിൽ പങ്കുവെച്ചു. ‘ഒരിക്കൽ കാക്കനാട് വച്ചിട്ട് കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടി നടക്കുകയാണ്. അപ്പൊ ഒരു ലോട്ടറി വിൽക്കുന്ന ചേച്ചി എന്റെ കൂട്ടുകാരനോട് സിനിമയിൽ ഒരു അവസരം ചോദിച്ചു. ഇവരുടെ ഒക്കെ വിചാരം സിനിമയിൽ വന്നാൽ പിറ്റേ ദിവസം രക്ഷപ്പെട്ട് പോകാം എന്നാണ്. പിറ്റേ ദിവസം തൊട്ട് ഈ കൂട്ടുകാരന് പുറത്തിറങ്ങാൻ ആകില്ല.
ഇവർ വന്ന് ഇവനോട് ചാൻസ് ചോദിച്ചുകൊണ്ടേ ഇരുന്നു, ഗതികെട്ടിട്ട് അവൻ പറഞ്ഞു സിനിമയിൽ വന്നാൽ അഡ്ജസ്റ്റ്മെന്റുകൾ ഒക്കെ ചെയ്യേണ്ടിവരും, ചേച്ചിക്ക് പറ്റിയ ഫീൽഡ് അല്ലെന്ന്. എന്നാൽ ഇവർ പറയുന്നത് ചാൻസ് കിട്ടിയാൽ എന്തിനും റെഡി ആണെന്നാണ് ഇത് കേട്ടതോടെ നമ്മൾ ഞെട്ടിപ്പോയി,’ എന്നാണ് ബിനു അടിമാലി പറഞ്ഞത്. സിനിമ മടിയന്മാർക്ക് പറ്റുന്ന ജോലിയാണെന്ന് ചിന്തിക്കുന്നവർ സമൂഹത്തിൽ ഉണ്ടെന്ന് ധർമ്മജനും അഭിമുഖത്തിൽ പറഞ്ഞു.