കണ്ണൂര്‍: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് പുരോഗമിക്കെ അദ്ദേഹത്തിന്റെ ബിനാമികള്‍ മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ബിനീഷ് കോടിയേരിയുടെ ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന് ഇഡി സംശയിക്കുന്ന ആറ് ജില്ലകളിലെ ബിനാമികളെയാണ് ഇപ്പോള്‍ കാണാതായത്. ബിനീഷിന്റെ ഇരുപതോളം കടലാസ് കമ്പനികളിലാണ് ഇവര്‍ പണമിറക്കിയത്.
ഇഡി ഉദ്യോഗസ്ഥര്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണെന്നു പറയുന്നു. ബിനീഷിന്റെ അടുത്ത സുഹൃത്തും ബിനാമിയുമായ പത്തനംതിട്ടയിലെ ഒരു ക്വാറി മുതലാളിയെ ഫോണില്‍ വിളിച്ചെങ്കിലും ക്വാറന്‍റൈനിലാണെന്ന മറുപടിയാണ് നല്‍കിയത്. കണ്ണൂരില്‍ ബിനീഷിന് ഫണ്ടുനല്‍കിയവര്‍ വമ്പന്‍ ബിസിനസുകാരും ബില്‍ഡേഴ്‌സുമാണ്. ഇഡിയുടെ നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ മുങ്ങിയത്.
അതേസമയം ബിനീഷിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ബുധനാഴ്ച ഇഡി ബിനീഷിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. കേരളത്തിലെ വിവിധ കമ്പനികളില്‍ നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവില്‍ അന്വേഷിക്കുന്നത്. ആഡംബര വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട് ബിസിനിസുകളിലും ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂര്‍, തിരുവനന്തപുരം, എണറാകുളം, തൃശൂര്‍, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക് പുറമേ ബെംഗളൂരുവിലും മുംബൈയിലുമാണ് ബിനീഷിന് പ്രധാനമായും ആഡംബര വാഹനകച്ചവടം. ഇതില്‍ ബിനീഷിനുള്ള പങ്കാളിത്തം അറിയുന്നതിന് ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെയാണ് ഇതിലെ പങ്കാളികള്‍ മുങ്ങിയത്.
ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്താല്‍ കുരുക്ക് മുറുകുമെന്ന ഭയത്തിലാണ് പങ്കാളികള്‍ മുങ്ങിയതെന്ന് സൂചനയുണ്ട്. അതിനാല്‍ ബിനീഷിന്‍റെ കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം ഇഡിക്കു മുന്നിലെത്താനാണ് നീക്കമെന്നാണ് കരുതുന്നത്.